
“ഇരുപത്തിരണ്ടു കൊല്ലത്തെ സേവനത്തിനുശേഷം 1964-ൽ ആണ് ഞാൻ ദേശാഭിമാനി പത്രാധിപത്യം രാജിവെച്ചത്. ഇനി രാഷ്ട്രീയം വേണ്ട എന്നു വിചാരിച്ച എനിക്ക് 1966-ൽ യുനസ്‌കോയുടെ ഒരു ഫെലോഷിപ്പ് കിട്ടി. കേരളത്തിലെ ക്ഷേത്രങ്ങൾതോറും നടന്ന് പുരാവസ്തു ഗവേഷണം നടത്തുവാനായിരുന്നു ഈ ഫെലോഷിപ്പ്. ഇതിന് ശിൽപശാസ്ത്രവും തന്ത്രശാസ്ത്രവും അറിഞ്ഞിരിക്കണം. എനിക്ക് ഈ വിഷയങ്ങളിൽ പരിജ്‌ഞാനം പോരായിരുന്നു. അതുകൊണ്ട് പി.മാധവ്ജിയുമായി ബന്ധപ്പെടുകയും അദ്ദേഹത്തിൻെറ സഹായം തേടുകയും ചെയ്തു. മാധവ്ജി സമർത്ഥമായി എൻെറ രക്‌തത്തിൽ ഹിന്ദുത്വം പുനഃസ്‌ഥാപിച്ചു. അങ്ങിനെയാണ് ഞാൻ ആദ്യമായി രാഷ്ട്രീയ സ്വയംസേവക് സംഘത്തോട് അടുത്തത്. മാധവ്ജിയുമായുള്ള ബന്ധം പിന്നെയും തുടർന്നു. 1977-ൽ അദ്ദേഹം എന്നോട് ആർ.എസ്.എസിൻറ ദക്ഷിണമേഖലാ സമ്മേളനത്തിൽ ആധ്യക്ഷ്യം വഹിക്കാൻ പറഞ്ഞു. സംഘത്തിന്റെ സർസംഘചാലക് ബാലാസാഹബ് ദേവരസ്‌ജിയായിരുന്നു ഈ സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തിയത്. ഞാൻ അദ്ധ്യക്ഷപ്രസംഗത്തിൽ എന്താണ് പറയേണ്ടതെന്ന് മാധവ്ജിയോടു ചോദിച്ചു. അദ്ദേഹത്തിന്റെ മറുപടി അത്ഭുതകരമായിരുന്നു. ഇഷ്ടമുള്ളത് പറഞ്ഞുകൊള്ളൂ എന്നാണ് മാധവ്‌ജി പറഞ്ഞത്. ഇത്രയും വിശാലമായ ജനാധിപത്യവും അഭിപ്രായസ്വാതന്ത്ര്യവും ഞാൻ മറ്റൊരു പാർട്ടിയിലും സംഘടനയിലും കണ്ടിട്ടില്ലായിരുന്നു. അച്ചടക്കമുള്ള ഒരു സംഘത്തിന്റെ വേദിയിൽ പുതുതായി പ്രവേശിക്കുന്ന ഞാൻ എനിക്ക് ഇഷ്ടമുള്ളതു പറയാമെന്നുള്ള ഒരു സ്‌ഥിതിവിശേഷം ആണ് ആർ. എസ്.എസിൽ ഉള്ളതെങ്കിൽ ഈ സംഘത്തെ ഫാസിസ്‌റ്റ് എന്നും മറ്റും മുദ്രകുത്തുന്നത് വിവരക്കേടിന്റെ പാരമ്യം എന്നുമാത്രമാണ് വിശേഷിപ്പിക്കേണ്ടത്.
ആലുവായിൽവെച്ച് ഇരുപതുകൊല്ലം മുൻപ് കൂടിയ ആ സമ്മേളനത്തിൽ ആധ്യക്ഷ്യം വഹിച്ചുകൊണ്ട് ഞാൻ പ്രസംഗിച്ചത് അന്നത്തെ പി.കെ. വാസുദേവൻനായരുടെ മന്ത്രിസഭ പാസാക്കിയ ഇഷ്ടദാന നിയമത്തെപ്പറ്റിയായിരുന്നു. ഭൂനിയമപ്രകാരം ഹിന്ദുക്കളുടെ മിച്ചഭൂമി സർക്കാർ പിടിച്ചെടുത്തപ്പോൾ മുസ്ലീമിനുള്ള ഭൂമി സ്വന്തപ്പെട്ടവർക്ക് ദാനം ചെയ്യാനനുവദിച്ചുകൊണ്ടുള്ളതായിരുന്നു ഇഷ്ടദാന നിയമം. ഹിന്ദുസമൂഹത്തെ എങ്ങിനെയെങ്കിലും ഒതുക്കുകയും മുസ്ലീം സമുദായത്തെ വളർത്തുകയും ചെയ്യുകയെന്ന നയം ഇടതുപക്ഷ പാർട്ടികൾ ഇന്നും ഇന്നലെയും തുടങ്ങിയതല്ല.
1977-നുശേഷവും ഞാൻ ആർ.എസ്. എസ് ആവശ്യപ്പെടുന്ന പ്രവർത്തനം തുടർന്നുകൊണ്ടിരുന്നു. തൃശൂരിൽ വടക്കുംനാഥക്ഷേത്രം വക തേക്കിൻകാടു മൈതാനത്തുനിന്നും പത്ത് ഏക്കർ സ്‌ഥലം സർക്കാർ ബലംപ്രയോഗിച്ച് ഏറ്റെടുത്ത് അവിടെ ജലവിതരണത്തിനുള്ള ടാങ്ക് പണിയാൻ പി.കെ. വാസുദേവൻനായരുടെ കാലത്തുതന്നെ ഉത്തരവ് പുറപ്പെടുവിച്ചു. മുസ്ലീംലീഗു മന്ത്രിയായിരുന്ന അവുക്കാദർകുട്ടി നഹയായിരുന്നു ജലവകുപ്പുമന്ത്രി. വടക്കുംനാഥൻ ക്ഷേത്രസ്വത്ത് എങ്ങിനെയെങ്കിലും നശിപ്പിക്കുക എന്നതായിരുന്നു ഉന്നം. ഇതിനെതിരായി ആർ.എസ്.എസ്. മുൻ കൈയ്യെടുത്ത് പാറമേക്കാവ് ക്ഷേത്രം ഹാളിൽ യോഗം വിളിച്ചുകൂട്ടുകയും പ്രക്ഷോഭം തുടങ്ങുകയും ചെയ്തു. പ്രക്ഷോഭം പെട്ടെന്ന് വ്യാപകമായി. പരേതനായ സി.അച്യുതമേനോൻപോലും സർക്കാരിന്റെ സംരംഭത്തെ എതിർത്തു. അതോടുകൂടി ലീഗ് മന്ത്രിയുടെ പദ്ധതി പൊളിഞ്ഞു. ഇപ്രകാരം പല പ്രക്ഷോഭങ്ങളിലും പങ്കെടുക്കാൻ എന്നെ ആർ.എസ്.എസ്. പ്രോത്സാഹിപ്പിച്ചു.
കഴിഞ്ഞ ഇരുപതുവർഷത്തിനുള്ളിൽ എന്നോട് ഒരിക്കൽപോലും ഗണവേഷം അണിയണമെന്നു പറഞ്ഞിട്ടില്ല. ആർ.എസ്.എസ്. പഥസഞ്ചലനങ്ങളിൽ പലതിലും സാധാരണ വേഷത്തിലാണ് പ്രസംഗിച്ചിട്ടുള്ളത്. എന്തുകൊണ്ട് എന്നോട് സംഘം ഗണവേഷം ധരിക്കണമെന്നു നിർബന്‌ധിച്ചില്ല? ഈ ചോദ്യം എന്നോടുതന്നെ ചോദിച്ചിട്ടുണ്ട്. മാധവ്ജി പ്രകടിപ്പിച്ച ജനാധിപത്യബോധംതന്നെയാണ് ഇതിനും കാരണമെന്ന് എനിക്ക് പരമബോധ്യമായി.
ഡിസംബർ ഒന്നാംതീയതിയിലെ സമ്പൂർണ സമാഗമത്തിനുള്ള കമ്മിറ്റി രൂപീകരിക്കാൻ നീരാഞ്ജലിയിൽ വച്ചുകൂടിയ യോഗത്തിൽ എന്നോട് ആധ്യക്ഷ്യം വഹിക്കാൻ തൃശൂർ ജില്ലാ സംഘചാലക് ജി. മഹാദേവൻ പറഞ്ഞു. അദ്ധ്യക്ഷസ്ഥാനത്ത് നിന്നുകൊണ്ട് ചെയ്ത ഉപക്രമപ്രസംഗത്തിലാണ് എനിക്ക് ഡിസംബർ ഒന്നിന് ഗണവേഷം ധരിക്കണമെന്ന മോഹമുള്ളതായി പ്രഖ്യാപിച്ചത്. മരിക്കുന്നതിനു മുൻപ് കാശി, രാമേശ്വരം മുത ലായ പുണ്യസ്‌ഥലങ്ങളിൽ പോവുക എന്നത് ഹിന്ദുസംസ്ക്‌കാരത്തിന്റെ ആചാരമാണ്. ഞാൻ ഭാരതത്തിലെ മിക്ക പുണ്യസ്‌ഥലങ്ങളിലും പോയിട്ടുണ്ട്. കാശി, രാമേശ്വരം, ഹരിദ്വാർ, ഋഷികേശം, അയോധ്യ എന്നിങ്ങനെ അനേകം സ്‌ഥലങ്ങളിൽ ഞാൻ പോയി. ഹരിദ്വാറിലെ കുംഭമേളയിൽ പങ്കെ ടുക്കാനുള്ള ഭാഗ്യവും ഉണ്ടായി. ഇനി ഒന്നേ ബാക്കിയുള്ളു. ഹിന്ദു സംസ്ക്കാരത്തിന്റെ കാവൽപടയായ ആർ.എസ്.എസിന്റെ ഗണവേഷം അണിയുക. അത് ഞാൻ ഈ സമ്പൂർണ സമാഗമത്തിൽ സാധിക്കും.”
കാൽ നൂറ്റാണ്ടുകാലത്തോളം ദേശാഭിമാനിയുടെ എഡിറ്റർ ആയിരുന്ന സഖാവ് വി ടി ഇന്ദുചൂഡൻ 1996 ഡിസംബർ 1 ഞായറാഴ്ച പ്രസിദ്ധീകരിച്ച ലേഖനം!l




