ഒരു കോടിയിലധികം രൂപയുടെ കേന്ദ്ര വികസനപദ്ധതികൾ നടപ്പാക്കാനിരിക്കെ ഭരണം അട്ടിമറിച്ചു; കേരളത്തിൽ ഇടത്–വലത് അവിശുദ്ധ കൂട്ടുകെട്ട് ശക്തമാകുന്നു
തൃശ്ശൂർ: പാറളം ഗ്രാമപഞ്ചായത്തിൽ പ്രസിഡന്റ് തെരഞ്ഞെടുപ്പിലൂടെ ബിജെപി ഭരണത്തെ അട്ടിമറിച്ചത് ഇടതുപക്ഷവും വലതുപക്ഷവും ചേർന്ന ഇൻഡി സഖ്യമാണെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി എം.വി. ഗോപകുമാർ ആരോപിച്ചു. കേന്ദ്രസർക്കാരിന്റെ ഒരു കോടിയിലധികം രൂപയുടെ വികസന പ്രവർത്തനങ്ങൾ ടെൻഡർ നടപടികളിലേക്ക് കടക്കുന്ന ഘട്ടത്തിലാണ് പാറളത്ത് ബിജെപിയുടെ ഭരണം അട്ടിമറിക്കപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.
തൃശ്ശൂരിൽ നടത്തിയ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാറളം ഉൾപ്പെടെ സമീപകാലത്ത് മൂന്ന് പഞ്ചായത്തുകളിൽ ബിജെപിയുടെ നേതൃത്വത്തിലുള്ള ഭരണസമിതികളെ അട്ടിമറിക്കാൻ ഇടത്–വലത് മുന്നണികൾ ഒരുമിച്ച് പ്രവർത്തിച്ചുവെന്നാണ് ബിജെപിയുടെ ആരോപണം. രാഷ്ട്രീയമായി പരസ്പരം എതിർക്കുന്നുവെന്ന് അവകാശപ്പെടുന്ന സിപിഎമ്മും കോൺഗ്രസും അധികാരത്തിന്റെ കാര്യം വരുമ്പോൾ ഒരുമിക്കുന്നതിലൂടെ കേരളത്തിലെ ജനങ്ങളെയാണ് വഞ്ചിക്കുന്നത്. ജനവിധിയെയും ജനങ്ങളുടെ വികസന പ്രതീക്ഷകളെയും മറികടന്ന് അധികാര സമവാക്യങ്ങൾക്കായി നടത്തുന്ന ഇത്തരം നീക്കങ്ങൾ ജനാധിപത്യത്തിന്റെ അന്തസ്സിന് നിരക്കാത്തതാണെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിൽ ഇൻഡി സഖ്യം നിലവിലുണ്ടോ എന്ന ചോദ്യത്തിന് പാറളം ഗ്രാമപഞ്ചായത്തിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് തന്നെ മറുപടിയാണെന്ന് ഗോപകുമാർ ചൂണ്ടിക്കാട്ടി. ദേശീയതലത്തിൽ ഒരുമിച്ച് നിൽക്കുന്ന പ്രതിപക്ഷ കക്ഷികൾ കേരളത്തിൽ പരസ്പരം പോരടിക്കുന്നുവെന്ന് അവകാശപ്പെടുമ്പോഴും തദ്ദേശഭരണത്തിൽ ബിജെപിയെ അധികാരത്തിൽനിന്ന് മാറ്റാൻ ഒരുമിക്കുന്ന സാഹചര്യമാണുള്ളത്. രാഷ്ട്രീയ നിലപാടുകളിലെ ഈ ഇരട്ടത്താപ്പ് ജനങ്ങൾ തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു.
പാറളത്തെ വിഷയത്തിൽ ബിജെപിയുടെ നിലപാട് വ്യക്തമാണ്. വികസന പ്രവർത്തനങ്ങൾക്ക് മുൻഗണന നൽകി മുന്നോട്ടുപോകുന്ന ഭരണത്തെ രാഷ്ട്രീയ കണക്കുകൂട്ടലുകളുടെ പേരിൽ അട്ടിമറിക്കുന്നത് നാടിന്റെ താൽപര്യങ്ങൾക്ക് വിരുദ്ധമാണ്. കേന്ദ്രസർക്കാരിന്റെ സഹായത്തോടെ നടപ്പാക്കാനിരുന്ന വികസന പ്രവർത്തനങ്ങൾ തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇടതുവലതുമുന്നണികൾ അവിടെ പ്രവർത്തിച്ചത് എന്ന് ഗോപകുമാർ പറഞ്ഞു.
അതേസമയം, തൃശ്ശൂർ പൂരം കേസുമായി ബന്ധപ്പെട്ട് ഇന്ന് പുറത്തുവന്ന പോലീസ് റിപ്പോർട്ടിനെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു. ദേവസ്വങ്ങളെ കുറ്റപ്പെടുത്തുന്ന തരത്തിലുള്ള റിപ്പോർട്ട് തള്ളിക്കളയണമെന്ന് ഗോപകുമാർ ആവശ്യപ്പെട്ടു. ഇടത്–വലത് മുന്നണികളുടെ വീഴ്ചകൾ ദേവസ്വങ്ങളുടെ മേൽ കെട്ടിവെക്കാനാണ് പോലീസ് ശ്രമിക്കുന്നതെന്നാണ് ബിജെപിയുടെ ആരോപണം. പൂരം സംബന്ധിച്ച വിഷയങ്ങളിൽ യഥാർഥ ഉത്തരവാദിത്വം വ്യക്തമാക്കുന്നതിനുപകരം ദേവസ്വങ്ങളെ പ്രതിക്കൂട്ടിലാക്കുന്ന നടപടികൾ അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
ദേവസ്വങ്ങളെ കുറ്റപ്പെടുത്തുന്ന നിലപാടിനെതിരെ ബിജെപി ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്നും ഗോപകുമാർ മുന്നറിയിപ്പ് നൽകി.
പത്രസമ്മേളനത്തിൽ ബിജെപി തൃശ്ശൂർ സിറ്റി ജില്ലാ പ്രസിഡന്റ് ജസ്റ്റിൻ ജേക്കബ്, ജില്ലാ ജനറൽ സെക്രട്ടറി പി.കെ. ബാബു, ജില്ലാ ട്രഷറർ വിജയൻ മേപ്പറത്ത്, ജില്ലാ മീഡിയ കൺവീനർ ദിനേഷ്കുമാർ കരിപ്പേരിൽ എന്നിവർ പങ്കെടുത്തു.





