മേപ്പാടി ചൂരൽമല ദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്നതിന് ഏറ്റവും അനുയോജ്യമെന്ന് കണ്ടെത്തിയ മേപ്പാടി പഞ്ചായത്തിലെ നെടുമ്പാല എസ്റ്റേറ്റിലും, കൽപ്പറ്റ മുനിസിപ്പാലിറ്റിയിലെ എൽസ്റ്റോൺ എസ്റ്റേറ്റിലും മോഡൽ ടൗൺഷിപ്പ് നിർമ്മിക്കുവാന്‍ തത്വത്തില്‍ അംഗീകാരം നല്‍കി. ടൗണ്‍ഷിപ്പ് നിര്‍മ്മിക്കുവാന്‍ ഏറ്റവും അനുയോജ്യമാണെന്ന് കണ്ടെത്തിയിട്ടുള്ളത് വൈത്തിരി താലൂക്കിലെ, കോട്ടപ്പടി വില്ലേജിലെ, ബ്ലോക്ക് നം. 28, സര്‍വ്വെ നം 366 ല്‍പ്പെട്ട നെടുമ്പാല എസ്റ്റേറ്റിലെ 65.41 ഹെക്ടര്‍ ഭുമിയും, വൈത്തിരി താലൂക്കിലെ, കല്‍പ്പറ്റ വില്ലേജിലെ ബ്ലോക്ക് നം. 19, സര്‍വ്വെ നം881 ല്‍പ്പെട്ട എല്‍സ്റ്റോണ്‍ എസ്റ്റേറ്റിലെ 78.73 ഹെക്ടര്‍ ഭൂമിയുമാണ്.ഈ സ്ഥലങ്ങൾ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട നിയമപ്രശ്നങ്ങൾ സംബന്ധിച്ച് അഡ്വക്കേറ്റ് ജനറലിൻ്റെയടക്കം വിദഗ്ധോപദേശം തേടിയിരുന്നു. വേഗം തന്നെ സ്ഥലം കിട്ടുക എന്നത് വളരെ പ്രധാനമായതിനാല്‍, ദുരന്ത നിവാരണ നിയമം 2005 പ്രകാരം പൊസഷൻ ഏറ്റെടുക്കുന്നതിന് മന്ത്രിസഭായോഗം അനുമതി നൽകി. സ്ഥലം ലഭ്യമാകുന്നതിനുള്ള കാലതാമസം ഒഴിവാക്കാനാണിത്.ദുരന്തത്തിൽ വീടും സ്ഥലവും നഷ്ടപ്പെട്ട കുടുംബങ്ങളെ ഒന്നാം ഘട്ടമായി പുനരധിവസിപ്പിക്കും. വാസയോഗ്യമല്ലാതായി തീർന്ന സ്ഥലങ്ങളിൽ ഉൾപ്പെടുന്ന മറ്റ് കുടുംബങ്ങളെ രണ്ടാം ഘട്ടമായും പുനരധിവസിപ്പിക്കും. പുനരധിവാസ പദ്ധതിയുടെ ഒന്നും രണ്ടും ഘട്ടങ്ങളിൽ ഉൾപ്പെടുന്ന ഗുണഭോക്താക്കളുടെ കരട് പട്ടിക വയനാട് ജില്ലാ കളക്ടർ പ്രസിദ്ധീകരിക്കും. പട്ടിക അന്തിമമാക്കുന്നത് സംബന്ധിച്ച് വിശദമായ നിർദ്ദേശങ്ങൾ പുറപ്പെടുവിക്കാൻ റവന്യൂ വകുപ്പിനെ ചുമതലപെടുത്തി.





