Business Economy India Kerala News Politics

സാമ്പത്തിക തട്ടിപ്പ് കേസ്: ബി.എൽ.എം ചെയർമാൻ പ്രേംകുമാറിന് ജാമ്യം അനുവദിച്ചു

കോഴിക്കോട്: സാമ്പത്തിക തട്ടിപ്പ് കേസിൽ അറസ്റ്റിലായ ബി.എൽ.എം സ്ഥാപക ചെയർമാൻ പ്രേംകുമാറിന് കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചു. അറസ്റ്റ് നടപടികളിൽ നിയമപരമായ ചട്ടങ്ങൾ പാലിച്ചില്ലെന്ന പ്രതിഭാഗത്തിന്റെ വാദം അംഗീകരിച്ചാണ് കോടതി ജാമ്യം നൽകിയത്.

അറസ്റ്റിന്റെ കാരണങ്ങളും സാഹചര്യങ്ങളും രേഖാമൂലം പ്രേകുമാറിനെ അറിയിച്ചിരുന്നില്ല. അടുത്ത ബന്ധുവിനെയോ സുഹൃത്തിനെയോ അറസ്റ്റ് വിവരം രേഖാമൂലം അറിയിക്കണമായിരുന്നു. അത് ഈ കേസിൽ ഉണ്ടായില്ലെന്നും പ്രതിഭാഗം കോടതിയിൽ ചൂണ്ടിക്കാട്ടി. ഈ വാദങ്ങൾ കോടതി അംഗീകരിച്ചു.

ബി.എൽ.എം സാമ്പത്തിക തട്ടിപ്പ് കേസിൽ ആയിരം കോടിയിലധികം രൂപയുടെ ക്രമക്കേട് നടന്നിട്ടുണ്ടെന്ന് ക്രൈംബ്രാഞ്ചിന്റെ കണ്ടെഎത്തിയിരുന്നു. കമ്പനിയുടെ മുൻ സി.ഇ.ഒ നവീൻ നൽകിയ പരാതിയിലാണ് കോഴിക്കോട് നടക്കാവ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. തുടർന്ന് ക്രൈംബ്രാഞ്ച് സംഘം ചെന്നൈയിലെത്തി ഇന്നലെ രാത്രിയോടെ പ്രേംകുമാറിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. റോഡ് മാർഗം കോഴിക്കോട്ടെത്തിച്ച അദ്ദേഹത്തെ ക്രൈംബ്രാഞ്ച് ഓഫീസിൽ ഹാജരാക്കി.

അതേസമയം, തനിക്കെതിരായ കേസ് വ്യാജമാണെന്നും നിക്ഷേപകർ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും പ്രേംകുമാർ പ്രതികരിച്ചു. നാലോ അഞ്ചോ പേർ ചേർന്ന് തനിക്കെതിരെ ഗൂഢാലോചന നടത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു. ബി.എൽ.എമ്മിൽ സാമ്പത്തിക ക്രമക്കേടോ നിക്ഷേപ തട്ടിപ്പോ നടന്നിട്ടില്ലെന്ന് അവകാശപ്പെട്ട് കമ്പനി പ്രതിനിധികളും കോഴിക്കോട്ട് വാർത്താസമ്മേളനം നടത്തിയിട്ടുണ്ട്.

അതിനിടെ, ബി.എൽ.എമ്മിനെതിരെ എറണാകുളം ജില്ലയിലെ കോതമംഗലം പൊലീസ് മറ്റൊരു കേസ് രജിസ്റ്റർ ചെയ്തു. കമ്പനിയിലെ മുൻ ജീവനക്കാരിയായ സോണിയ നൽകിയ പരാതിയിലാണ് നടപടി. ചെയർമാനാണെന്ന് തെറ്റിദ്ധരിപ്പിച്ച് 1.60 കോടി രൂപ തട്ടിയെടുത്തെന്നാണ് പരാതിയിലെ ആരോപണം.

പ്രേംകുമാറിന്റെ അറസ്റ്റ് തമിഴ്നാട്ടിലും രാഷ്ട്രീയ വിവാദത്തിന് വഴിവെച്ചിട്ടുണ്ട്. ജൂലൈയിൽ ഒരു സ്വകാര്യ ചാനലിന്റെ ഡയറക്ടർമാർക്കൊപ്പം പ്രേംകുമാർ തമിഴ്നാട് മുഖ്യമന്ത്രി വിജയിയെ സന്ദർശിച്ചതാണ് വിവാദമായത്. തട്ടിപ്പ് ആരോപണം നേരിടുന്ന വ്യക്തിക്ക് മുഖ്യമന്ത്രിയുമായി എന്ത് ബന്ധമാണുള്ളതെന്ന് ചോദിച്ച പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൻ സംഭവത്തിൽ സി.ബി.ഐ, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, എസ്.എഫ്.ഐ.ഒ അന്വേഷണം ആവശ്യപ്പെട്ടു. എന്നാൽ, പ്രേംകുമാറിന് ചാനലിന്റെ തമിഴ് വിഭാഗവുമായി ബന്ധമില്ലെന്ന് സ്വകാര്യ ചാനൽ വിശദീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *