ഗുരുവായൂര്‍: കേരള ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കറും ഭാര്യ അനഘ ആര്‍ലേക്കറും ഇന്ന് രാവിലെ ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം നടത്തി. രാവിലെ ഏഴുമണിയോടെയാണ് ദമ്പതികള്‍ ദര്‍ശനത്തിനെത്തിയത്. ദേവസ്വം ചെയര്‍മാന്‍ ഡോ. വി.കെ. വിജയനും അഡ്മിനിസ്ട്രേറ്റര്‍ കെ.പി. വിനയനും ചേര്‍ന്ന് ഗവര്‍ണറെ സ്വീകരിച്ചു.
ദേവസ്വം ചെയര്‍മാന്‍ ഗവര്‍ണ്ണറെ പൊന്നാടയണിയിച്ചാണ് വരവേറ്റത്. ആദ്യം കൊടിമര ചുവട്ടില്‍ നിന്ന് പ്രാര്‍ത്ഥന നടത്തിയ ശേഷം,തുടര്‍ന്ന് നാലമ്പലത്തിലെത്തി പ്രാര്‍ത്ഥിച്ചു. ഗുരുവായൂരപ്പനെ കണ്‍നിറയെ കണ്ടു പ്രാര്‍ത്ഥിച്ച ഗവര്‍ണര്‍ കാണിക്ക അര്‍പ്പിക്കുകയും ശ്രീലകത്തില്‍ നിന്ന് പ്രസാദം ഏറ്റുവാങ്ങുകയും ചെയ്തു.
തുടർന്ന് ചുറ്റമ്പലത്തില്‍ പ്രദക്ഷിണം ചെയ്ത അദ്ദേഹം കളഭം, തിരുമുടിമാല, പഴം, പഞ്ചസാര എന്നിവ അടങ്ങുന്ന പ്രസാദം കൈപ്പറ്റി. തുടര്‍ന്ന് ശ്രീവത്സം ഗസ്റ്റ് ഹൗസില്‍ വിശ്രമിച്ച ശേഷമാണ് ഗവര്‍ണര്‍ മടങ്ങിയത്. ദേവസ്വത്തിന്റെ ഉപഹാരമായി ഭഗവാന്‍ ശ്രീകൃഷ്ണനും രുക്മിണി ദേവീയുമൊത്തുള്ള ചുമര്‍ചിത്രവും നിലവിളക്കും ചെയര്‍മാന്‍ ഡോ.വി.കെ.വിജയന്‍ സമ്മാനിച്ചു. വരവേല്‍പ്പിന് നന്ദി പറഞ്ഞ ഗവര്‍ണര്‍ ദേവസ്വം ചെയര്‍മാനെയും മറ്റും രാജ്ഭവനിലേക്ക് പ്രത്യേകം ക്ഷണിച്ചിട്ടാണ് മടങ്ങിയത്.
ഗവര്‍ണറായി ചുമതലയേറ്റശേഷം ഇതാദ്യമായാണ് രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഗുരുവായൂരിലെത്തുന്നത്.





