കൊച്ചി: വയനാട് ജില്ലയില്‍ വലിയ പ്രളയവും മണ്ണിടിച്ചിലുമടക്കം ഉണ്ടായ ദുരന്തങ്ങളുടെ പശ്ചാത്തലത്തില്‍ ബാധിതര്‍ക്ക് നല്‍കിയ വായ്പകള്‍ എഴുതിത്തള്ളാനാകില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. കേരള ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്.
വായ്പ എഴുതിത്തള്ളലുമായി ബന്ധപ്പെട്ട ഹൈക്കോടതിയുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു കേന്ദ്രം. വായ്പകള്‍ എഴുതിത്തള്ളാനുള്ള സാധ്യത ഇല്ലെങ്കിലും, റിസര്‍വ് ബാങ്കിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച് വായ്പകള്‍ പുനഃക്രമീകരിക്കാവുന്നതാണ്, എന്നാണ് കേന്ദ്രത്തിന്റെ നിലപാട്.
കഴിഞ്ഞ ഓഗസ്റ്റില്‍ നടന്ന സംസ്ഥാനതല ബാങ്കേഴ്‌സ് സമിതി യോഗത്തില്‍ ഒരു വര്‍ഷത്തെ മൊറട്ടോറിയം, വായ്പ തിരിച്ചടവിന് അധികസമയം, പുനഃക്രമീകരണം തുടങ്ങിയ സഹായങ്ങള്‍ വാഗ്ദാനം ചെയ്തതായി കേന്ദ്ര ധനമന്ത്രാലയം ഹൈക്കോടതിയെ അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും ആ യോഗത്തില്‍ പങ്കെടുത്തിരുന്നു.
2024 ജൂലൈ 30-ന് വയനാട് ജില്ലയിലെ മുണ്ടക്കൈ, ചൂരല്‍മല മേഖലകളില്‍ ഉണ്ടായ മണ്ണിടിച്ചിലില്‍ വലിയ നാശനഷ്ടങ്ങളാണ് ഉണ്ടായത്. 200-ലധികം പേര്‍ മരിക്കുകയും, 32 പേരെ കാണാതാവുകയും, നൂറുകണക്കിന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.





