Court Kerala News

പട്ടികവര്‍ഗ്ഗത്തില്‍ ഉള്‍പെട്ട യുവാവിനെ വെട്ടി മാരകമായി പരിക്കേല്പിച്ച കേസ്

പ്രതിയ്ക്ക് നാല് വര്‍ഷവും ഒരു മാസവും കഠിനതടവും 40500 രൂപ പിഴയും ശിക്ഷ

പട്ടികവര്‍ഗ്ഗത്തില്‍ പെട്ട യുവാവിനെ തടഞ്ഞ് നിര്‍ത്തി വെട്ടുകത്തി കൊണ്ട് കാലില്‍ വെട്ടി മാരകമായ പരിക്കേല്പിച്ച കേസിലെ പ്രതിയായ ബാലന്‍പീടിക മേനാച്ചേരി വീട്ടില്‍ മൂഢ ജോയ് എന്ന് വിളിപ്പേരുള്ള ജോയ് 63 വയസ് എന്നവരെ വിവിധ വകുപ്പുകളിലായി നാല് വര്‍ഷവും ഒരു മാസവും കഠിനതടവിനും 40500 രൂപ പിഴ അടയ്ക്കുന്നതിനും തൃശൂര്‍ പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിനുള്ള സ്പെഷ്യല്‍ കോടതി ജഡ്ജ് കെ. കമനീസ് ശിക്ഷ വിധിച്ചു. പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷവും ഒരു ആഴ്ചയും അധിക തടവും അനുഭവിക്കേണ്ടി വരും. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാല്‍ മതിയാകും. പിഴ അടയ്ക്കുന്ന പക്ഷം, പ്രസ്തുത തുക പരിക്ക് പറ്റിയ സന്തോഷിന് നല്‍കുവാനും വിധിയില്‍ പ്രസ്താവിച്ചിട്ടുണ്ട്.

2020 ഫെബ്രുവരി 7 ന് രാത്രി 08.30 മണിയോടെയാണ് വെള്ളിക്കുളങ്ങര പോലിസ് സ്റ്റേഷന്‍ പരിധിയിലെ ബാലന്‍പീടിക എന്ന സ്ഥലത്ത് വച്ച് കേസിനാസ്പദമായ സംഭവം നടന്നത്. മണലായി സ്വദേശിയായ നടുമുറ്റം വീട്ടില്‍ സന്തോഷിനെ ജോയ് സ്ഥിരമായി കളിയാക്കുമായിരുന്നു. ആയത് ചോദ്യം ചെയ്തതിലുള്ള വിരോധത്തില്‍ സന്തോഷിനെ പ്രതി വെട്ടുകത്തി ഉപയോഗിച്ച് കാലില്‍ വെട്ടി മാരകമായി പരിക്കേല്പിക്കുകയാണുണ്ടായത്.

വെള്ളിക്കുളങ്ങര പോലിസ് സ്റ്റേഷന്‍ സബ് ഇന്‍സ്പെക്ടറായിരുന്ന S.S. ഷിജു രജിസ്റ്റര്‍ ചെയ്ത് പ്രാഥമികാന്വേഷണം നടത്തിയ കേസില്‍, ചാലക്കുടി DySP ആയിരുന്ന C.R സന്തോഷ് അന്വേഷണം പൂര്‍ത്തിയാക്കി പ്രതിയ്ക്കെതിരെ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. കേസിലെ തെളിവിലേക്കായി പ്രോസിക്യൂഷന്‍ ഭാഗത്ത് നിന്ന് പതിമൂന്ന് സാക്ഷികളെ വിസ്തരിക്കുകയും പതിന്നാല് രേഖകളും മൂന്ന് തൊണ്ടിമുതലുകളും ഹാജരാക്കുകയും ചെയ്തു.

അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ സിജിത്ത്. E.S പ്രോസിക്യൂഷന്‍ നടപടികള്‍ ഏകോപിപ്പിച്ചു. കേസില്‍ പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. A.K. കൃഷ്ണന്‍ ഹാജരായി.

Leave a Reply

Your email address will not be published. Required fields are marked *