Kerala News

മാന്നാർ കടലിൽ ചക്രവാതച്ചുഴി! കേരളത്തിൽ 11 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത. മാന്നാർ കടലിടുക്കിന് മുകളിലായി രൂപപ്പെട്ട ചക്രവാതച്ചുഴി സംസ്ഥാനത്ത് അടുത്ത 5 ദിവസം വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്കുള്ള സാധ്യത ഉയർത്തിയിരിക്കുകയാണ്. ഇതിന്റെ ഭാഗമായി ശനിയാഴ്ച 11 ജില്ലകളിലും ഞായറാഴ്ച 6 ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.

ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലും ഞായറാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, തൃശൂർ, പാലക്കാട് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.

മൽസ്യബന്ധനം പാടില്ല!

കേരള തീരത്ത് ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾക്ക് കടലിൽ പോകരുതെന്നു മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മണിക്കൂറിൽ 35-45 കിലോമീറ്റർ വരെ വേഗതയിലും ചില സമയങ്ങളിൽ 55 കിലോമീറ്റർ വരെ വേഗതയിലും കാറ്റ് വീശാൻ സാധ്യതയുണ്ട്. തെക്കൻ തമിഴ്നാട് തീരം, കന്യാകുമാരി, ഗൾഫ് ഓഫ് മാന്നാർ എന്നിവിടങ്ങളിലും മോശം കാലാവസ്ഥ തുടരാൻ സാധ്യതയുള്ളതിനാൽ ശനിയാഴ്ച ഈ മേഖലകളിൽ മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *