റൈരംഗ്പൂർ: ഒഡീഷ സർക്കാരിൻ്റെ രണ്ടാം വാർഷികാഘോഷങ്ങളുടെ ഭാഗമായി രാഷ്ട്രപതി ദ്രൗപദി മുർമുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചേർന്ന് 47,600 കോടി രൂപയുടെ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്ത് ശിലാസ്ഥാപനം നടത്തി.
മയൂർഭഞ്ജ് ജില്ലയിലെ റൈരംഗ്പൂരിൽ നടന്ന ചടങ്ങിൽ 60 പദ്ധതികൾ ഉദ്ഘാടനം ചെയ്തതോടൊപ്പം 12 പദ്ധതികൾക്ക് തറക്കല്ലിടുകയും ചെയ്തു. ഊർജം, വ്യാവസായിക അടിസ്ഥാനസൗകര്യങ്ങൾ, റോഡ് വികസനം, കുടിവെള്ള വിതരണം, ആരോഗ്യം, വിദ്യാഭ്യാസം, ടൂറിസം, ജലസേചനം തുടങ്ങിയ മേഖലകളിലെ പദ്ധതികളാണ് രാജ്യത്തിന് സമർപ്പിച്ചത്.
വികസനത്തിൻ്റെ ഫലം ഓരോ ഗ്രാമത്തിലും ഓരോ കുടുംബത്തിലും ഓരോ പൗരനിലേക്കും എത്തുമ്പോഴാണ് അത് അർത്ഥപൂർണമാകുന്നതെന്ന് രാഷ്ട്രപതി ദ്രൗപദി മുർമു പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫലപ്രദമായ നേതൃത്വത്തിൻ്റെ ഫലമായാണ് ആഗോളതലത്തിൽ ഇന്ത്യയുടെ സ്ഥാനം കൂടുതൽ ശക്തമായതെന്നും മുർമു അഭിപ്രായപ്പെട്ടു.
പ്രധാനമന്ത്രിയെ മയൂർഭഞ്ജിലേക്ക് സ്വാഗതം ചെയ്ത രാഷ്ട്രപതി, തിരക്കേറിയ പരിപാടികൾക്കിടയിലും റൈരംഗ്പൂർ സന്ദർശിച്ചതിലൂടെ ഒഡീഷയോടുള്ള അദ്ദേഹത്തിന്റെ പ്രത്യേക സ്നേഹവും ആദരവും പ്രകടമായതായി പറഞ്ഞു. പ്രത്യേകിച്ച് ആദിവാസി സമൂഹമുൾപ്പെടെയുള്ള പ്രദേശവാസികൾക്ക് ഈ സന്ദർശനം ഉപകാരപ്രദമാകുമെന്ന് അവർ അഭിപ്രായപ്പെട്ടു.





