കോഴിക്കോട്: മൊഫ്യൂസൽ ബസ്റ്റാൻഡിന് സമീപത്തെ ഹോൾസെയിൽ വസ്ത്രക്കടയ്ക്ക് തീപ്പിടിച്ച സംഭവത്തിൽ കോർപ്പറേഷൻ മേയർക്കും ഡെപ്യൂട്ടി മേയർക്കും സെക്രട്ടറിക്കുമെതിരെ കേസെടുക്കണമെന്ന് ബിജെപി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കോഴിക്കോട് നഗരത്തിൽ തുടർച്ചയായി ഉണ്ടാവുന്ന അഗ്നിബാധയെ പറ്റി ജുഡീഷ്യൽ കമ്മീഷൻ അന്വേഷണം നടത്തണമെന്നും കോഴിക്കോട് നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
ഇന്നലെ കോഴിക്കോട് ഉണ്ടായ ദുരന്തത്തെക്കുറിച്ച് ചർച്ച ചെയ്യാൻ കോഴിക്കോട്ടുകാരായ മന്ത്രിമാർ പോലും തയ്യാറാവുന്നില്ല. കേരളത്തിലെ പ്രധാനപ്പെട്ട നഗരത്തിൽ ഇത്രയും വലിയ നഷ്ടമുണ്ടായിട്ടും സർക്കാർ സംവിധാനങ്ങൾ എല്ലാം നിഷ്ക്രിയമാണ്. പഴയ തീപ്പിടുത്തങ്ങളെ പറ്റി എല്ലാം അന്വേഷിച്ചു നടപടിയെടുക്കുമെന്ന് പറഞ്ഞ സർക്കാർ ഇതുവരെ ഒരു നടപടിയും എടുത്തിട്ടില്ല.
കോഴിക്കോട് നഗരത്തിൽ ഉണ്ടായ തീപ്പിടുത്തം നഗരത്തിന്റെ സുരക്ഷയെക്കുറിച്ച് ഗൗരവമായ ആശങ്കകളാണുണ്ടാക്കുന്നത്. ഇതാദ്യമായല്ല കോഴിക്കോട് നഗരത്തിൽ തീപ്പിടുത്തങ്ങൾ ഉണ്ടാകുന്നത്. 15 വർഷത്തിനിടയിൽ കോഴിക്കോട് നഗരത്തിൽ 15 സ്ഥലങ്ങളിൽ ചെറുതും വലുതുമായ അഗ്നിബാധ ഉണ്ടായിട്ടുണ്ട്. തീ അണയ്ക്കാനുള്ള എല്ലാ പരിശ്രമങ്ങളും ദയനീയമായി പരാജയപ്പെടുന്നതാണ് ഇന്നലെ നമുക്ക് കാണാൻ കഴിഞ്ഞത്. നഗരഹൃദയത്തിൽ പത്തുമണിക്കൂറിൽ അധികം വേണ്ടിവന്നു തീ അണയാൻ എന്നത് നാണക്കേടാണ്. കെട്ടിട നിർമ്മാണത്തിലെ എല്ലാ നിയമങ്ങളും കോഴിക്കോട് കോർപ്പറേഷൻ കാറ്റിൽ പറത്തുകയാണ്. ഗുരുതരമായ സുരക്ഷാ വീഴ്ചയാണ് ഉണ്ടായിരിക്കുന്നത്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെടുമ്പോൾ നഗരസഭയും ജില്ലാ ഭരണകൂടവും ഒരു മുന്നൊരുക്കവും എടുക്കുന്നില്ല. കത്തിപ്പോയ കെട്ടിടം ഒരു ടെക്സ്റ്റൈൽസ് നടത്താൻ വേണ്ട ഒരു മാനദണ്ഡവും ഇല്ലാതെയാണ് ഉണ്ടാക്കിയിരിക്കുന്നത്. ടെക്സ്റ്റൈൽസിലേക്ക് കയറി പോകുന്ന വഴിയിൽ എല്ലാം തുണികൾ കൂട്ടിയിട്ടിരിക്കുകയാണ്. ഇത് കെട്ടിട സുരക്ഷാ നിയമത്തിന്റെ ലംഘനമാണ്. കോർപ്പറേഷൻ ഉണ്ടാക്കിയ ദുരന്തമാണ് ഇത്രയും ഭീമമായ നഷ്ടത്തിനും ഭയാനകമായ സാഹചര്യത്തിനും കാരണമായത്. മിഠായിത്തെരുവിൽ എട്ടുപേരുടെ മരണത്തിനിടയാക്കിയ തീപ്പിടിത്തം ഉണ്ടായപ്പോൾ ഇനി സുരക്ഷാ മാനദണ്ഡങ്ങളുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും ഉണ്ടാവില്ല എന്നാണ് ജില്ലാ ഭരണകൂടവും കോർപ്പറേഷനും പ്രഖ്യാപിച്ചത്. എന്നാൽ അതെല്ലാം വെള്ളത്തിൽ വരച്ച വര പോലെയായി.
മെഡിക്കൽ കോളേജിൽ രണ്ട് തവണ തീയും പുകയും വന്നു. ഇതും വലിയ സുരക്ഷ വീഴ്ച്ചയാണ്. ദൈവാധീനം കൊണ്ടാണ് അന്ന് വലിയ ആൾനാശം ഇല്ലാതെ പോയത്. ഈ തീപ്പിടിത്തത്തെ സംബന്ധിച്ച് സമഗ്രമായ ഒരു അന്വേഷണം ആവശ്യമാണ്. ഇങ്ങനെയൊരു ഹോൾസെയിൽ കട തുടങ്ങാൻ എങ്ങനെ ഇവർക്ക് സാധിച്ചു. ആരാണ് ഇതിന് ലൈസൻസ് കൊടുത്തത്. നികുതി വാങ്ങിക്കുന്ന കോർപ്പറേഷൻ എന്തുകൊണ്ടാണ് ഇവിടെ പരിശോധന നടത്താതിരുന്നത്. തുടങ്ങിയ കാര്യങ്ങൾ എല്ലാം കോർപ്പറേഷന് എതിരെ വിരൽ ചൂണ്ടുന്നതാണെന്നും കെ.സുരേന്ദ്രൻ പറഞ്ഞു. വാർത്താസമ്മേളനത്തിൽ സിറ്റി ജില്ലാ അദ്ധ്യക്ഷൻ കെപി പ്രകാശ് ബാബുവും സംബന്ധിച്ചു.





