India News

‘പഠിപ്പിക്കാനല്ല, പഠിക്കാനാണ്’: പരീക്ഷ പേ ചര്‍ച്ചയില്‍ വിദ്യാര്‍ഥികളോട് പ്രധാനമന്ത്രി

വിദ്യാര്‍ഥികളുമായി നടത്തുന്ന സംവാദങ്ങള്‍ പഠിപ്പിക്കാനല്ല, മറിച്ച് അവരില്‍ നിന്ന് പഠിക്കാനാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. പരീക്ഷ പേ ചര്‍ച്ചയുടെ രണ്ടാം സംവാദത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേവ്മോഗ്ര, കോയമ്പത്തൂര്‍, റായ്പൂര്‍, ഗുവാഹത്തി, ഡല്‍ഹി എന്നിവിടങ്ങളിലെ 10, 12 ക്ലാസ് വിദ്യാര്‍ഥികളുമായി സംവദിച്ച പ്രധാനമന്ത്രി, ‘വികസിത് ഭാരത് 2047’ എന്ന സ്വപ്നം വിദ്യാര്‍ഥികള്‍ ഹൃദയത്തില്‍ കൊണ്ടുനടക്കുന്നതില്‍ വലിയ സന്തോഷമുണ്ടെന്ന് പറഞ്ഞു. വികസിത രാജ്യങ്ങളുടെ നല്ല ശീലങ്ങള്‍ നാം സ്വീകരിക്കണമെന്നും, ചുവപ്പ് സിഗ്നലില്‍ വാഹനം നിർത്തുമ്പോള്‍ എഞ്ചിന്‍ ഓഫ് ചെയ്യുക, ഭക്ഷണം പാഴാക്കരുത്, ജീവിതത്തില്‍ അച്ചടക്കം അനിവാര്യമാണെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

സാങ്കേതിക വിദ്യയിലേക്കുള്ള അമിത ആശ്രയത്തിനെതിരെ മുന്നറിയിപ്പ് നല്‍കിയ പ്രധാനമന്ത്രി, നിര്‍മിത ബുദ്ധിയും മൊബൈല്‍ ഫോണുകളും ഉപകരണങ്ങളായി മാത്രം ഉപയോഗിക്കണമെന്നും അവ ജീവിതത്തെ നിയന്ത്രിക്കാന്‍ അനുവദിക്കരുതെന്നും പറഞ്ഞു. സാങ്കേതിക വിദ്യയുടെ അടിമകളാകരുതെന്നും അത് കഴിവുകള്‍ വികസിപ്പിക്കാന്‍ സഹായകരമാകണമെന്നും അദ്ദേഹം വ്യക്തമാക്കി. വിദ്യാഭ്യാസവും കളിയും ജീവിതത്തില്‍ ഒരുപോലെ പ്രധാനമാണെന്ന് പറഞ്ഞ അദ്ദേഹം, പഠനത്തോടൊപ്പം കളിയെയും ജീവിതത്തിന്റെ ഭാഗമാക്കണമെന്ന് വിദ്യാര്‍ഥികളോട് ആഹ്വാനം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *