Kerala News

അട്ടക്കുളങ്ങര സ്കൂൾ കെട്ടിടം തകർന്ന സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് മേയർ

തിരുവനന്തപുരം: അട്ടക്കുളങ്ങര ഗവൺമെൻ്റ് സെൻട്രൽ സ്കൂളിലെ നവീകരിച്ച കെട്ടിടത്തിൻ്റെ ഒരു ഭാഗം തകർന്ന സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് തിരുവനന്തപുരം മേയർ വി.വി. രാജേഷ് ആവശ്യപ്പെട്ടു.

കോടിക്കണക്കിന് രൂപ ചെലവഴിച്ച് കഴിഞ്ഞ വർഷം നവീകരിച്ച കെട്ടിടമാണ് ഭാഗികമായി തകർന്നത്. നിർമ്മാണത്തിൻ്റെ ഗുണനിലവാരവും ചെലവഴിച്ച പൊതുപണവും സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തണമെന്ന് മേയർ ആവശ്യപ്പെട്ടു.

പൊളിച്ചുമാറ്റാൻ ശുപാർശ ചെയ്തിരുന്ന കെട്ടിടത്തിനെ പൈതൃക കെട്ടിടമെന്ന പേരിൽ സംരക്ഷിച്ച് നവീകരിക്കാൻ തീരുമാനിച്ചത് എങ്ങനെയാണെന്നും അതിന് ഉത്തരവാദികളായവർ വിശദീകരണം നൽകണമെന്നും അദ്ദേഹം പറഞ്ഞു.

സ്കൂളിലെ സർവശിക്ഷ അഭിയാൻ ഓഫീസ് പ്രവർത്തിച്ചിരുന്ന മുറിയുടെ മേൽക്കൂരയാണ് തകർന്നുവീണത്. വിദ്യാർത്ഥികളും ജീവനക്കാരും കെട്ടിടത്തിൽ നിന്നും പോയതിന് ശേഷമാണ് സംഭവം ഉണ്ടായത്. അതിനാൽ തന്നെ വലിയ ദുരന്തമാണ് ഒഴിവായതെന്ന് അധികൃതർ അറിയിച്ചു. സംഭവത്തെ തുടർന്ന് അഗ്നിരക്ഷാസേന സ്ഥലത്തെത്തി പരിശോധന നടത്തി.

തിരുവനന്തപുരം കോർപ്പറേഷൻ കെട്ടിടത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകിയിട്ടില്ലെന്നും, നവീകരണ പ്രവർത്തനങ്ങളുടെ സാങ്കേതിക നിലവാരം പരിശോധിക്കേണ്ടതുണ്ടെന്നും മേയർ പറഞ്ഞു.

ഏകദേശം മൂന്ന് കോടി രൂപ ചെലവഴിച്ചാണ് കെട്ടിടത്തിൻ്റെ നവീകരണം നടത്തിയതെന്നാണ് വിവരം. സംഭവത്തിൻ്റെ പശ്ചാത്തലത്തിൽ നിർമാണ പ്രവർത്തനങ്ങളുടെയും ഫണ്ട് വിനിയോഗിച്ചതിൽ അപാകതകൾ വന്നിട്ടുണ്ടോ എന്നും പരിശോധിക്കണമെന്ന് മേയർ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *