പത്തനംതിട്ട: നടൻമാരായ മോഹൻലാലും മമ്മൂട്ടിയും തമ്മിലുള്ള സ്നേഹ ബന്ധം എത്രത്തോളമാണെന്ന് മലയാളികൾക്ക് നന്നായി അറിയാം. പൊതുവേദികളിലടക്കം ഇരുവരും തങ്ങൾ തമ്മിലുള്ള അടുപ്പത്തേക്കുറിച്ച് സംസാരിക്കാറുണ്ട്. ഇരുവരും ഒന്നിച്ചെത്തുന്ന അവസരങ്ങളെല്ലാം ആരാധകരും ആഘോഷമാക്കാറുമുണ്ട്. ഇപ്പോഴിതാ മമ്മൂട്ടിക്കായി ശബരിമലയിൽ വഴിപാട് നടത്തിയിരിക്കുകയാണ് മോഹൻലാൽ. ‘മുഹമ്മദ് കുട്ടി, വിശാഖം’ എന്ന മമ്മൂട്ടിയുടെ ജന്മനാമത്തിൽ മോഹൻലാൽ നീരഞ്ജനം വഴിപാട് നടത്തുകയും, ഭാര്യ സുചിത്രയുടെ പേരിലും സമർപ്പണ നടത്തുകയും ചെയ്തു.
ഇന്നലെ വൈകിട്ട് ആറുമണിയോടെയാണ് മോഹൻലാൽ ശബരിമലയിലെത്തിയത്. പമ്പ ഗണപതി ക്ഷേത്രത്തിൽ കെട്ടു നിറച്ച് ശേഷം സന്നിധാനത്ത് എത്തിയാണ് അദ്ദേഹം ദർശനം നടത്തിയത്. വർഷങ്ങൾക്ക് ശേഷമാണ് മോഹൻലാൽ ശബരിമല ദർശനം നടത്തുന്നത്. ഇന്നു രാവിലെ നിർമ്മാല്യം തൊഴുത ശേഷം അദ്ദേഹം മലയിറങ്ങി .
നടന്റെ ക്ഷേത്ര സന്ദർശന വിഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു. ഒരിടവേളയ്ക്ക് ശേഷം മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിച്ചെത്തുന്ന സിനിമയ്ക്കായി കാത്തിരിക്കുകയാണ് ആരാധകരും സിനിമാ ആസ്വാദകരും. മഹേഷ് നാരായണന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. നിലവില്‍ ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തില്‍ നയന്‍താര, കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. മാര്‍ച്ച് 27ന് ആണ് എംപുരാന്‍ റിലീസ് ചെയ്യുന്നത്. പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫര്‍ ഫ്രാഞ്ചൈസിയിലെ രണ്ടാം ഭാഗമായ എംപുരാന് തിരക്കഥ ഒരുക്കിയിരിക്കുന്നത് മുരളി ഗോപിയാണ്. ഐമാക്സില്‍ റിലീസ് ചെയ്യുന്ന ആദ്യ മലയാള ചിത്രമെന്ന ഖ്യാതിയും എംപുരാൻ സ്വന്തമാക്കിയിരിക്കുകയാണ്. ബസൂക്കയാണ് മമ്മൂട്ടിയുടേതായി റിലീസിനൊരുങ്ങുന്ന ചിത്രം.