India International News Politics

മ്യാൻമർ പ്രസിഡൻ്റുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡൽഹി: മ്യാൻമർ പ്രസിഡൻ്റ് യു മിൻ ആങ് ഹ്ലെയിംഗുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി. ഇന്ത്യ-മ്യാൻമർ ബന്ധത്തിൻ്രെ വിവിധ മേഖലകൾ അവലോകനം ചെയ്ത ഇരുനേതാക്കളും ഉഭയകക്ഷി സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള മാർഗങ്ങൾ ചർച്ച ചെയ്തു.

പ്രസിഡൻ്റായി ചുമതലയേറ്റ ശേഷം ആദ്യ വിദേശ സന്ദർശനത്തിനായി ഇന്ത്യയെ തിരഞ്ഞെടുത്തതിന് മ്യാൻമർ പ്രസിഡൻ്റിനോട് മോദി നന്ദി അറിയിച്ചു. ബുദ്ധൻ്റെ അനുഗ്രഹം തേടി ബോധ്ഗയയിൽ നിന്ന് സന്ദർശനം ആരംഭിച്ചതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വ്യാപാരം, അപൂർവ ധാതുക്കൾ (റെയർ എർത്ത്‌സ്), ആരോഗ്യമേഖല, കണക്റ്റിവിറ്റി, പൈതൃക സംരക്ഷണം, ശേഷി വികസനം തുടങ്ങിയ മേഖലകളിൽ സഹകരണം വർധിപ്പിക്കുന്നതിനുള്ള സാധ്യതകൾ ഇരുനേതാക്കളും ചർച്ച ചെയ്തു. സമുദ്രസുരക്ഷ, സൈബർ സുരക്ഷ എന്നിവയുൾപ്പെടെയുള്ള മേഖലകളിൽ കൂടുതൽ അടുത്ത് സഹകരിക്കാനും ധാരണയായി.

ഇന്ത്യയുടെ ‘നെബർഹുഡ് ഫസ്റ്റ്’, ‘ആക്ട് ഈസ്റ്റ്’, ഇൻഡോ-പസഫിക് നയങ്ങളിൽ മ്യാൻമറിന് നിർണായക സ്ഥാനമുണ്ടെന്ന് മോദി ചൂണ്ടിക്കാട്ടി. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള പ്രതിബദ്ധത കൂടിക്കാഴ്ചയിലൂടെ വ്യക്തത കൈവന്നുവെന്ന് അധികൃതർ അറിയിച്ചു.

സാമ്പത്തിക, സുരക്ഷാ, സാംസ്കാരിക മേഖലകളിൽ സഹകരണം വിപുലീകരിക്കുന്നതിന് ഈ ചർച്ചകൾ വഴിയൊരുക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *