ഗുരുവായൂർ ക്ഷേത്ര കാര്യസ്ഥനായിരുന്ന കണ്ടിയൂർ പട്ടത്ത് നമ്പീശൻ്റെ ഓർമ്മയ്ക്കായി ക്ഷേത്രം വടക്കേ നടയിൽ നിർമ്മിച്ച സ്മാരകശിലയുടെ സമർപ്പണം നടത്തി.
ദേവസ്വം ചെയർമാൻ എ വി ഗോപിനാഥ് സമർപ്പണം നിർവഹിച്ചു. കണ്ടിയൂർ പട്ടത്തെ ഇപ്പോഴത്തെ അവകാശികളായ വാസുദേവൻ നമ്പീശൻ, ഭാര്യ നന്ദിനി നമ്പീശൻ, മരാമത്ത് എക്സിക്യൂട്ടീവ് എഞ്ചിനീയർ എം.കെ. അശോക് കുമാർ, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ഇ.കെ. നാരായണനുണ്ണി, എൽ പി വിശ്വനാഥൻ, ടി ആർ ഹരിനാരായണൻ, പി ആർ ഹരി, വേണുഗോപാൽ, ഡോ. പി എൻ ഉണ്ണികൃഷ്ണൻ, പി എൻ കൃഷ്ണമൂർത്തി, സജീവൻ നമ്പിയത്ത്, എന്നിവരുൾപ്പെടെ നിരവധി ഭക്തജനങ്ങൾ ചടങ്ങിൽ സന്നിഹിതരായി.
ക്ഷേത്രസംരക്ഷണ ചുമതലയുണ്ടായിരുന്ന കണ്ടിയൂർ പട്ടത്ത് നമ്പീശനെ വർഷങ്ങൾക്ക് മുൻപ് ഉത്സവ ആറാട്ടു ദിവസം ഇവിടെ വെച്ച് ഒരു സംഘം അപായപ്പെടുത്തി. ചാട്ടുകുളത്തിലെ ആറാട്ടിനു ശേഷം തിരിച്ചെത്തിയ സംഘത്തിലെ ഭഗവദ്വാഹകനായ ആന ഇവിടെ നിന്ന് മുന്നോട്ട് ഒരടി പോലും നടക്കാൻ കൂട്ടാക്കിയില്ല. ജ്യോതിഷ വിധിപ്രകാരം ക്ഷേത്രസംരക്ഷണത്തിനായി ജീവൻ വെടിഞ്ഞ നമ്പീശൻെറ കുടുംബത്തിൻ്റെ സങ്കടനിവൃത്തി വരുത്തിയിട്ടേ മുന്നോട്ടു പോകാനാകൂ എന്ന് മനസ്സിലാക്കി അന്നു മുതൽ ആറാട്ടിന് ഇവിടെയെത്തിയാൽ വാദ്യഘോഷങ്ങൾ നിർത്തുകയാണ് പതിവ്. പ്രസ്തുത കുടുംബപ്രതിനിധി സങ്കടനിവൃത്തി അറിയിച്ച ശേഷമേ തുടർ ചടങ്ങുകൾ നടത്താറുള്ളു. ഇന്നും ഇത് അനുവർത്തിച്ചു വരുന്നു.





