ഭക്തജനങ്ങൾക്ക് സുഖദർശനമൊരുക്കാൻ ഗുരുവായൂരിൽ പരീക്ഷണടിസ്ഥാനത്തിൽ വിർച്വൽ ക്യൂ സംവിധാനം നടപ്പാക്കുമെന്ന് ദേവസ്വം മന്ത്രി കെ. മുരളീധരൻ.
ഭക്തജനങ്ങൾക്കാവശ്യമായ നവീന സൗകര്യങ്ങൾ ഒരുക്കി
ഗുരുവായൂർ, ശബരിമല, കൊട്ടിയൂർ ക്ഷേത്രങ്ങളെ
മികച്ച തീർത്ഥാടന കേന്ദ്രങ്ങളാക്കി മാറ്റുമെന്നും മന്ത്രി പറഞ്ഞു.
ഗുരുവായൂരിൽ ദേവസ്വം ഭരണസമിതി അംഗങ്ങളുടെ സാന്നിധ്യത്തിൽ വിവിധ വകുപ്പ് മേധാവികളുമായി നടത്തിയ അവലോകന യോഗത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. ക്ഷേത്രവികസനത്തിനാവശ്യമായ മാസ്റ്റർ പ്ലാൻ തയ്യാറാക്കും. സ്ഥലമേറ്റെടുക്കൽ നടപടി വേഗത്തിലാക്കും. ഒൻപത് മാസത്തിനുള്ളിൽ ക്ഷേത്രവികസനത്തിനാവശ്യമായ സ്ഥലമേറ്റെടുക്കൽ പൂർത്തീകരിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. ഇക്കാര്യത്തിൽ തടസ്സങ്ങളുണ്ടെങ്കിൽ ചർച്ച ചെയ്ത് പരിഹരിക്കും.
3 വർഷത്തിനുള്ളിൽ ക്ഷേത്ര വികസനം പ്രായോഗിക രൂപത്തിലെത്തും. അന്യാധീനപ്പെട്ട ക്ഷേത്രഭൂമി തിരിച്ച് പിടിക്കും. ഗുരുവായൂരപ്പൻ്റെ ഒരു തുണ്ട് ഭൂമി പോലും നഷ്ടപ്പെടുത്തുവാൻ അനുവദിക്കില്ല. വിദഗ്ധ സമിതിക്ക് രൂപം നൽകി വെങ്ങാട് ഗോശാലയിലെ പ്രശ്നങ്ങൾ, പരിഹരിക്കും.
ആനക്കോട്ടയിലെ പുന്നത്തൂർ കോവിലകം ചരിത്ര സ്മാരകമാക്കും. ആനകളുടെ ഭൗതിക സൗകര്യങ്ങൾ മെച്ചപ്പെടുത്തും. ആനകളുടെ പാദരോഗം ചികിത്സയിലൂടെ മാറ്റാൻ വിദഗ്ധരുടെ സേവനം തേടുമെന്നും മന്ത്രി അറിയിച്ചു. ദേവസ്വം ചെയർമാൻ എ.വി. ഗോപിനാഥ്, റവന്യൂ ദേവസ്വം സെക്രട്ടറി എം.ജി. രാജമാണിക്യം, ദേവസ്വം ഭരണസമിതി അംഗങ്ങളായ ബ്രഹ്മശ്രീ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്,
സി. മനോജ്, മനോജ് ബി നായർ, എം. യു ഷിനിജ, അഡ്മിനിസ്ട്രേറ്ററുടെ ചുമതല വഹിക്കുന്ന ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ, റവന്യൂ, ദേവസ്വം ഉദ്യാഗസ്ഥർ, ദേവസ്വത്തിലെ വിവിധ, വകുപ്പ് മേധാവികൾ എന്നിവർ യോഗത്തിൽ സന്നിഹിതരായി.





