Court Kerala News

അനധികൃത മണൽ ലോറി തടഞ്ഞ യുവാവിനെ കൊലപ്പെടുത്തിയ കേസ്; ലോറി ഡ്രൈവർക്ക് 7 വർഷം കഠിനതടവും 1 ലക്ഷം രൂപ പിഴയും

അനധികൃത മണൽ ലോറി ഇടിച്ച് അപകടമുണ്ടാക്കിയതിനെത്തുടര്‍ന്ന് യുവാവ് ‍ മരണപ്പെട്ട കേസില്‍ പ്രതിയായ ലോറി ഡ്രൈവർക്ക് 7 വർഷം കഠിന തടവും 1 ലക്ഷം രൂപ പിഴയും തൃശ്ശൂര്‍ രണ്ടാം അഡീഷണല്‍ സെഷന്‍സ് ജഡ്ജ് രമേഷ്‍കുമാർ. എസ് ശിക്ഷ വിധിച്ചു. ലോറി ഡ്രൈവറായ പല്ലൂർ ദേശത്ത് മുരുക്കുകുഴിയിൽ പറമ്പയിൽ വീട്ടില്‍ ഹംസ മകന്‍ നിഷാദ്(42) എന്നയാളെയാണ് മനഃപ്പൂര്‍വ്വമല്ലാത്ത നരഹത്യാക്കുറ്റം ചുമത്തി കോടതി ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ 4 മാസം കൂടുതല്‍ തടവ് അനുഭവിക്കണം. പിഴയടക്കുന്ന പക്ഷം പിഴത്തുക മരണപ്പെട്ടയാളുടെ അനന്തരവകാശികള്‍ക്ക് തുല്യമായി നല്‍കുന്നതിനും വിധിയില്‍ പ്രസ്താവിച്ചിട്ടുണ്ട്.

2011 മാർച്ച്‌ മാസം 21-ാം തീയതി പുലർച്ചെ 4.00 മണിയ്ക്ക് ചിറ്റണ്ട സ്കൂളിന് മുൻവശം വെച്ചാണ് അപകടം നടന്നത്. സംഭവദിവസം വരവൂർ ഭാഗത്ത് നിന്നും വന്ന ടിപ്പർ ലോറി ഹെഡ് ലൈറ്റ് ഇടാതെ വേഗത്തിൽ ഓടിച്ചു ഹംപിൽ സ്ലോ ആക്കിയ ശേഷം പെട്ടെന്നു വേഗത്തിൽ എടുത്ത് യുവാവിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. അപകടത്തെത്തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ ചിറ്റണ്ട വില്ലേജില്‍ ദേശത്ത് കാര്യമ്പുറത്ത് വീട്ടില്‍ രാജൻ മകന്‍ വിജയൻ 34 വയസ്സ് അന്നുതന്നെ മരണപ്പെട്ടു.

കേസില്‍ പ്രോസിക്യൂഷന്‍ ഭാഗത്തുനിന്നും 15 സാക്ഷികളെ വിസ്തരിക്കുകയും 21 രേഖകള്‍ ഹാജരാക്കുകയും ചെയ്തു.

സംഭവത്തിൽ ദൃക്‌സാക്ഷികളുടെ മൊഴിയുടേയും പ്രോസിക്യൂഷന്‍ ഭാഗത്തു നിന്ന് ഹാജരാക്കിയ ശക്തമായ തെളിവുകളുടെയും മറ്റു സാക്ഷിമൊഴികളുടേയും അടിസ്ഥാനത്തില്‍ പ്രതി കുറ്റക്കാരനാണെന്ന് തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചു.

വടക്കാഞ്ചേരി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ആയിരുന്ന എൻ മുരളീധരനാണ് കേസന്വേഷണം നടത്തിയത്. കോടതി നടപടികളില്‍ പ്രോസിക്യൂഷനെ സഹായിച്ചത് സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ സംഗീത് എം.ഡി, വിനീത് എന്നിവരാണ്.

പ്രോസിക്യൂഷനുവേണ്ടി തൃശ്ശൂര്‍‍ അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കെ.എന്‍ സിനിമോൾ ഹാജരായി.

Leave a Reply

Your email address will not be published. Required fields are marked *