കേരള ദേവസ്വം റിക്രൂട്ട്മെൻ്റ് ബോര്‍ഡിൻ്റെ പേരില്‍ വ്യാജമായി നോട്ടിഫിക്കേഷന്‍ ലെറ്ററും മറ്റു രേഖകളും ഉണ്ടാക്കി ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡില്‍ ക്ലര്‍ക്ക് ജോലി വാഗ്ദാനം ചെയ്ത് 5,34,000/- രൂപ തട്ടിച്ചെടുത്ത കേസില്‍ പ്രതികളായ തിരുവനന്തപുരം മലയിന്‍കീഴ് വിവേകാന്ദ നഗറില്‍ അനിഴം വീട്ടില്‍ ഗീതാറാണി എന്ന ഗീതാ രാജാഗോപാല്‍ (67 വയസ്), തൃശ്ശൂര്‍ ചോറ്റുപാറ മലവായ് ദേശം കാരത്രക്കാരന്‍ ജോയ് ആൻ്റണി (54 വയസ്) എന്നിവരുടെ ജാമ്യാപേക്ഷകള്‍ തൃശ്ശൂര്‍ പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് ജഡ്ജി പി.എസ്. ശശികുമാര്‍ തള്ളി ഉത്തരവായി.
പാണഞ്ചേരി സ്വദേശിയുടെ മക്കള്‍ക്ക് ദേവസ്വം ബോര്‍ഡില്‍ എല്‍.ഡി.ക്ലാര്‍ക്കായി ജോലി നല്‍കാമെന്നായിരുന്നു പ്രതികളുടെ വാഗ്ദാനം. ഗൂഗിള്‍ പേ വഴിയും വിവിധ സ്ഥലങ്ങളില്‍ വെച്ച് നേരിട്ടും 5,34,000/- രൂപയും മൂന്ന് ബ്ലാങ്ക് ചെക്ക് ലീഫും പരാതിക്കാരില്‍നിന്നും പ്രതികള്‍ കരസ്ഥമാക്കിയിരുന്നു. ഗീതാ റാണി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പൊലീസ് സ്റ്റേഷനിലെ മറ്റൊരു ക്രൈമില്‍ വനിതാ ജയിലില്‍ കഴിഞ്ഞുവരികയാണ്. തുടര്‍ന്നാണ് ജാമ്യാപേക്ഷ നല്‍കിയത്. കേസിലെ നാലാം പ്രതിയായ ജോയി ഒളിവിലിരിക്കെയാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിട്ടുളളത്. ജോയിക്കെതിരെയും തൃശ്ശൂര്‍ ഈസ്റ്റ് പോലീസ് സ്റ്റേഷനില്‍ പരാതിയുണ്ട്. കേസില്‍ ജോയി അടക്കമുളള മൂന്ന് പ്രതികള്‍ ഒളിവിലാണ്
ജോലി വാഗ്ദാനം ചെയ്ത് വ്യാജ രേഖകള്‍ ഉണ്ടാക്കി പണം തട്ടിയെടുത്ത പ്രതികള്‍ യാതൊരു കാരണവശാലും ജാമ്യം അര്‍ഹിക്കുന്നില്ലെന്നും പ്രതികള്‍ക്ക് ജാമ്യം അനുവദിക്കുന്ന പക്ഷം അവർ തെളിവുകൾ നശിപ്പിക്കുന്നതിനും സാക്ഷികളെ ഭീഷണിപ്പെടുത്തുന്നതിനുമുളള സാധ്യത വളരെ കൂടുതലാണെന്നും കുറ്റകൃത്യം സംബന്ധിച്ച് വിശദമായ അന്വേഷണം ആവശ്യമാണെന്നും അതിനിടയില്‍ പ്രതികൾയ്ക്ക് ജാമ്യം നല്‍കുന്ന പക്ഷം അത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്നും പ്രോസിക്യൂഷനുവേണ്ടി ഹാജരായ ജില്ലാ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ കെ.പി.അജയ് കുമാറിൻ്റെ വാദങ്ങള്‍ പരിഗണിച്ചാണ് കോടതി പ്രതികളുടെ ജാമ്യാപേക്ഷകള്‍ തള്ളി ഉത്തരവായത്.