ന്യൂഡൽഹി: അയോധ്യയിലെ ശ്രീരാമ ജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റിന് ലഭിച്ച സംഭാവനകളിൽ തട്ടിപ്പ് നടന്നെന്ന ആരോപണത്തിൽ സ്വതന്ത്രവും സമഗ്രവുമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സംയുക്ത കത്ത് നൽകി.
രാമക്ഷേത്ര നിർമാണത്തിനായി വിശ്വാസത്തോടെയും ഭക്തിയോടെയും സ്വന്തം അധ്വാനഫലം സംഭാവനയായി നൽകിയ ലക്ഷക്കണക്കിന് ഭക്തർ ഈ ആരോപണത്തെ തുടർന്ന് വഞ്ചിക്കപ്പെട്ടതായി തോന്നുന്നുവെന്ന് കത്തിൽ ഇരുനേതാക്കളും ചൂണ്ടിക്കാട്ടി.
ശ്രീരാമ ജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റിൻ്റെ സാമ്പത്തിക ഇടപാടുകളിൽ സ്വതന്ത്രവും സമഗ്രവുമായ അന്വേഷണം നടത്തണമെന്നും, ആരോപണങ്ങൾ ശരിവെക്കപ്പെടുകയാണെങ്കിൽ ഉത്തരവാദികൾക്കെതിരെ നടപടി സ്വീകരിച്ച് നഷ്ടപ്പെട്ട തുക തിരിച്ചുപിടിക്കണമെന്നും അവർ ആവശ്യപ്പെട്ടു.
ഭക്തരുടെ വിശ്വാസം സംരക്ഷിക്കാൻ സുതാര്യമായ അന്വേഷണം അനിവാര്യമാണെന്ന് കത്തിൻ്റെ പകർപ്പ് എക്‌സ് പ്ലാറ്റ്ഫോമിൽ പങ്കുവെച്ച ഖാർഗെ പറഞ്ഞു. വിഷയത്തിൽ പ്രധാനമന്ത്രിയുടെ മൗനം അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം വിമർശിച്ചു.





