Kerala News

റീട്ടെയിൽ വിപണിയിലേക്ക് കുടുംബശ്രീ; സ്ത്രീകളുടെ വരുമാനത്തിൽ വലിയ കുതിച്ചുചാട്ടം വരുമെന്ന് മന്ത്രി എം.ബി. രാജേഷ്

കേരളത്തിലെ സ്ത്രീകളുടെ വരുമാനത്തിൽ വലിയ കുതിച്ചുചാട്ടം ഉണ്ടാക്കാൻ പോകുന്ന പദ്ധതിയാണ് റീട്ടെയിൽ വിപണിയിലേക്ക് കുടുംബശ്രീ സംരംഭകരുടെ ഉത്പ്പന്നങ്ങൾ എത്തിക്കുന്നതിലൂടെ കുടുംബശ്രീ മുന്നോട്ട് വെക്കുന്നതെന്ന് തദ്ദേശ സ്വയംഭരണ, എക്സൈസ്, പാർലമെൻ്ററികാര്യ വകുപ്പ് മന്ത്രി എം.ബി. രാജേഷ്. കുടുംബശ്രീ സംരംഭകരുടെ ഉത്പ്പന്നങ്ങളെ റീട്ടെയിൽ വിപണിയിലേക്ക് എത്തിക്കുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടന കർമ്മം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

ഇതിനകം 30 ഇനം ഉൽപ്പന്നങ്ങൾ പുറത്തിറക്കിയ കുടുംബശ്രീ, ഉടൻ തന്നെ 155 പുതിയ ഉൽപ്പന്നങ്ങൾ കൂടി വിപണിയിലെത്തിക്കാനൊരുങ്ങുകയാണ്. കൂടാതെ, കുടുംബശ്രീയുടെ ടേക്ക് എവേ ചിക്കൻ കൗണ്ടറുകളുടെ എണ്ണം അടുത്ത വർഷത്തോടെ 1000 ആയി ഉയർത്താനും ലക്ഷ്യമിടുന്നതായി മന്ത്രി അറിയിച്ചു.

ഹോംഷോപ്പ്, ഡിജിറ്റൽ മാർക്കറ്റിംഗ് ആപ്പ് ‘പോക്കറ്റ് മാർട്ട്’, സ്ഥിര വിപണന കേന്ദ്രങ്ങൾ, ഉൽപ്പന്ന മേളകൾ എന്നിവയിലൂടെ ഇതിനകം വിപണനം നടത്തിയിരുന്ന കുടുംബശ്രീ, ഇനി റീട്ടെയിൽ/ഹൈപ്പർ/സൂപ്പർ മാർക്കറ്റുകളിൽ പ്രമുഖ ബ്രാൻഡുകൾക്ക് സമാനമായി സ്ഥാനം നേടാനാണ് ശ്രമിക്കുന്നത്. ഇതിനായി 14 ജില്ലകളിലായി ബിസിനസ് ടു ബിസിനസ് മീറ്റുകൾ സംഘടിപ്പിച്ചു. ഓൾ കേരള ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷനുമായി ധാരണപത്രം കൈമാറിയ ചടങ്ങിൽ വിവിധ ഭാരവാഹികളും പങ്കെടുത്തു. സ്ത്രീ ശാക്തീകരണത്തിനും സംരംഭകത്വ വളർച്ചയ്ക്കും പുതിയ വാതായനം തുറക്കുന്ന ഈ നീക്കം സംസ്ഥാനത്തിന്റെ സാമ്പത്തിക രംഗത്ത് നിർണായകമായ മാറ്റങ്ങൾ സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *