
പ്രധാനമന്ത്രിക്കും കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കും നന്ദി അറിയിച്ച് സ്വരാജ് റൗണ്ടിൽ കൂറ്റൻ ബാനർ
തൃശ്ശൂർ: തൃശ്ശൂരിന്റെ തനത് സാംസ്കാരിക പാരമ്പര്യമായ പുലിക്കളി സംഘങ്ങൾക്ക് 24 ലക്ഷം രൂപയുടെ കേന്ദ്രസഹായം ലഭിച്ചതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കും നന്ദി അറിയിച്ച് സ്വരാജ് റൗണ്ടിൽ കൂറ്റൻ ബാനർ ഉയർന്നു.
പുലിക്കളി സംഘങ്ങൾ കടന്നുവരുന്ന സ്വരാജ് റൗണ്ടിലാണ് നന്ദി അറിയിച്ചുകൊണ്ടുള്ള ബാനർ സ്ഥാപിച്ചത്. പുലിക്കളി സംഘങ്ങളുടെ ആവശ്യങ്ങൾ കേന്ദ്രസർക്കാരിന്റെ ശ്രദ്ധയിൽ എത്തിക്കുന്നതിലും സാമ്പത്തിക സഹായം ലഭ്യമാക്കുന്നതിനുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി നടത്തിയ ഇടപെടലാണ് ഈ സഹായത്തിന് വഴിയൊരുക്കിയതെന്ന് വിവിധ പുലിക്കളി സംഘങ്ങൾ വ്യക്തമാക്കി.
പുലിക്കളി സംഘങ്ങൾ നേരിടുന്ന സാമ്പത്തിക പ്രതിസന്ധിക്ക് വലിയ ആശ്വാസമാകുന്നതാണ് കേന്ദ്രസഹായം.
പുലിക്കളി എന്ന തനത് കലാരൂപത്തെ സംരക്ഷിക്കാനും വരും തലമുറകളിലേക്ക് കൂടുതൽ കരുത്തോടെ കൈമാറാനും കേന്ദ്രസർക്കാരിന്റെ ഈ സഹായം സഹായകരമാകുമെന്ന് വിവിധ പുലിക്കളി സംഘങ്ങൾ പറഞ്ഞു. പുലിക്കളിക്ക് ലഭിച്ച ഈ പിന്തുണയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കും തൃശ്ശൂരിലെ പുലിക്കളി സംഘങ്ങൾ നന്ദി അറിയിച്ചു.




