Kerala News

ദുരന്താനന്തര പുനർനിർമാണ സംവിധാനമൊരുക്കാൻ സംസ്ഥാനത്തിന് ആവശ്യമായ വിഭവം അനിവാര്യം: മുഖ്യമന്ത്രി

ദുരന്തമുണ്ടായതിനു ശേഷം അവിടെ പൂർവസ്ഥിതിയിലാക്കുന്നതിനുള്ള പുനർനിർമാണ സംവിധാനമൊരുക്കുന്നതിന് ആവശ്യമായ വിഭവം അനിവാര്യമാണെന്നും അത് സംസ്ഥാനത്തിന് മാത്രമായി കണ്ടെത്താൻ കഴിയുന്നതല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. പതിനാറാമത് ധനകാര്യ കമ്മിഷനെ കോവളത്ത് അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളം നേരിടുന്ന ഈ പ്രശ്നത്തിൽ സാമ്പത്തിക സഹായത്തിനുള്ള ശുപാർശ ധനകാര്യ കമ്മീഷൻ നടത്തണമെന്നും അദ്ദേഹം പറഞ്ഞു. വയനാട് ദുരന്തത്തിന്റെ ആഴം എല്ലാവരെയും ഞെട്ടിക്കുന്നതായിരുന്നു. പാരിസ്ഥിതിക വിഷയങ്ങൾ പരിഗണിച്ചുകൊണ്ടുതന്നെ ഇവിടത്തെ ജീവിതങ്ങളെയും ഉപജീവന മാർഗത്തെയും സംരക്ഷിക്കേണ്ട ചുമതല സംസ്ഥാനത്തിനുണ്ട്.

സംസ്ഥാനങ്ങളുടെയും തദ്ദേശസ്ഥാപനങ്ങളുടെയും സമ്പത്തിക ശാക്തീകരണമാണ് ഫെഡറലിസത്തിന്റെ ആധാരശില. സംസ്ഥാനങ്ങൾക്ക് വിഭവങ്ങൾ നൽകുന്നതിനെ ഒഴിവാക്കാവുന്ന ഭാരമായി കാണുന്നത് ശരിയല്ല. സാമൂഹ്യ, സാമ്പത്തിക മേഖലകളിൽ പരിപാടികളും നയങ്ങളും നടപ്പാക്കുന്നതിനുള്ള സ്വാതന്ത്ര്യം സംസ്ഥാനങ്ങൾക്ക് വേണം. അതിനുള്ള പണവും ലഭിക്കണം. ഇത് രാജ്യത്തിന്റെ വളർച്ചയ്ക്കും വികസനത്തിനും വഴിവയ്ക്കും. സർക്കാരിക കമ്മീഷൻ പറഞ്ഞതു പോലെ കാര്യങ്ങൾ കൂടുതൽ കേന്ദ്രീകൃതമാകുന്നത് കേന്ദ്രത്തിന് രക്തസമ്മർദവും സംസ്ഥാനങ്ങൾക്ക് അനീമിയയും സൃഷ്ടിക്കും. അത് അഭിലഷണീയമായ കാര്യമല്ല. സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയിലും കേന്ദ്രം നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്. ഇത് നിയമപരമായ നടപടികളിലേക്ക് നീങ്ങാൻ സംസ്ഥാനത്തെ പ്രേരിപ്പിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. 

ഫെഡറൽ ജനാധിപത്യത്തിൽ കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും തദ്ദേശസ്ഥാപനങ്ങൾക്കും കൃത്യമായ ചുമതലകളുണ്ട്. ഭരണഘടനാപരമായ കാര്യങ്ങൾ നിർവഹിക്കുന്നതിന് സംസ്ഥാനങ്ങൾക്കും തദ്ദേശസ്ഥാപനങ്ങൾക്കും സാമ്പത്തിക ശാക്തീകരണം അനിവാര്യമാണ്. ശക്തിമത്തായ ഒരു രാഷ്ട്രം കെട്ടിപ്പടുക്കുന്നതിനായി ശ്രമിക്കുമ്പോൾ ദുർബല സംസ്ഥാനങ്ങൾക്കും തദ്ദേശസ്ഥാപനങ്ങൾക്കും കേന്ദ്രത്തിന്റെ തുല്യ പങ്കാളികളാകാൻ കഴിയില്ല.

2015 -16 മുതൽ സംസ്ഥാനത്തിന് വലിയ സാമ്പത്തിക നേട്ടങ്ങൾ കേന്ദ്രത്തിൽ നിന്ന് ലഭിച്ചുവെന്ന തരത്തിൽ കാര്യങ്ങളെക്കുറിച്ച് വ്യക്തമായ ധാരണയുള്ള ചിലരും പറയുന്നത് നിരാശാജനകമാണ്. കേന്ദ്ര ബഡ്ജറ്റിലെ കണക്കുകൾ ഇതിന് വിരുദ്ധമാണെന്ന് പരിശോധിച്ചാൽ മനസിലാകും. വിഭവങ്ങൾ സംസ്ഥാനവുമായി പങ്കുവയ്ക്കുന്നത് കേന്ദ്ര വിഭവങ്ങളുടെ ശോഷണത്തിന് കാരണമാകുമെന്ന കാഴ്ചപ്പാട് ശരിയല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. നികുതി വരുമാനത്തിന്റെ 41 ശതമാനം സംസ്ഥാനങ്ങളുമായി പങ്കുവയ്ക്കണമെന്ന പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ ശുപാർശയ്ക്ക് വിരുദ്ധമായാണ് കാര്യങ്ങൾ സംഭവിക്കുന്നത്. സർചാർജ്, സെസ് വർധന പരിഗണിച്ചാണ് ഇത്തരമൊരു ശുപാർശ ധനകാര്യ കമ്മീഷൻ നൽകിയത്. എന്നാൽ സംസ്ഥാനങ്ങൾക്ക് ലഭിക്കുന്നത് 30 മുതൽ 32 ശതമാനം വരെ മാത്രമാണ്. പഞ്ചവത്സര പദ്ധതികൾക്കുള്ള സാധാരണ കേന്ദ്ര സഹായവും 2015- 16ഓടെ നിലച്ചു.

ദേശീയ ജനസംഖ്യാ നയം നടപ്പാക്കിയത് കേരളത്തിന് നൽകുന്ന കേന്ദ്ര നികുതി വിഹിതത്തെ പ്രതികൂലമായി ബാധിച്ചു. ജനസംഖ്യ അടിസ്ഥാനമാക്കിയുള്ള മാനദണ്ഡമാണ് ഇതിന് കാരണം. കേരളം സമർപ്പിച്ച നിവേദനത്തിൽ ഈ വിഷയം പ്രതിപാദിച്ചിട്ടുണ്ടെന്നും പുതിയ കരട് ഫോർമുല അതിൽ വിശദമാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഹരിതനയം ഫലപ്രദമായി നടപ്പാക്കുന്നതിലൂടെയും കേരളത്തിന് വരുമാന നഷ്ടം സംഭവിക്കുന്നുണ്ട്. ജൈവ ഇന്ധനത്തിലൂടെ ലഭിക്കേണ്ട നികുതി സംസ്ഥാനത്തിന് നഷ്ടപ്പെടുകയാണ്. ദേശീയ നയങ്ങൾ നടപ്പാക്കുന്നതിൽ കേന്ദ്രത്തിനൊപ്പം മുന്നോട്ടു നീങ്ങുന്ന കേരളത്തിന് ഇത്തരത്തിൽ സംഭവിക്കുന്ന നഷ്ടങ്ങളെക്കുറിച്ച് ധനകമ്മീഷനെ മുഖ്യമന്ത്രി ധരിപ്പിച്ചു.

ധനമന്ത്രി കെ. എൻ. ബാലഗോപാൽ സ്വാഗതം പറഞ്ഞു. മന്ത്രിമാരായ കെ. രാജൻ, എം. ബി. രാജേഷ്, പി. രാജീവ്, ജെ. ചിഞ്ചുറാണി, ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ, വകുപ്പ് സെക്രട്ടറിമാർ, ഉന്നത ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. ധനകാര്യ കമ്മീഷൻ ചെയർമാൻ ഡോ. അരവിന്ദ് പനഗാരിയ, അംഗങ്ങളായ ആനി ജോർജ് മാത്യു, മനോജ് പാണ്ഡ, സൗമ്യകാന്തിഘോഷ്, കമ്മീഷൻ സെക്രട്ടറി റിത്വിക് പാണ്ഡെ, ജോയിന്റ് സെക്രട്ടറി രാഹുൽ ജെയിൻ, ഡെപ്യൂട്ടി സെക്രട്ടറി അജിത്കുമാർ രഞ്ജൻ, ഡെപ്യൂട്ടി ഡയറക്ടർ സന്ദീപ് കുമാർ, ഓംപാൽ, കുമാർ വിവേക് എന്നിവർ സന്നിഹിതരായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *