Culture Kerala News Politics

വിശ്വാസത്തെ ചവിട്ടിമെതിക്കുന്ന പ്രീണന രാഷ്ട്രീയം: സണ്ണി കപികാട് വിവാദവും UDF സർക്കാരിന്റെ ദുരൂഹ മൗനവും

കേരളത്തിൽ ആനുകാലിക സാഹചര്യത്തിൽ ചർച്ച ചെയ്യപ്പെട്ടതും, കടുത്ത വിയോജിപ്പുകൾക്ക് വഴിവെച്ചതുമായ സംഭവമാണ് സണ്ണി എം. കപിക്കാടിന്റെ വിവാദ പരാമർശങ്ങളും തുടർന്നുണ്ടായ പ്രതിഷേധങ്ങളും. ശബരിമല അയ്യപ്പനെയും മാളികപ്പുറത്തമ്മയെയും കുറിച്ച് സണ്ണി എം. കപിക്കാട് നടത്തിയ പരസ്യമായ അധിക്ഷേപകരമായ പരാമർശങ്ങൾ കോടിക്കണക്കിന് വരുന്ന ഹൈന്ദവ വിശ്വാസികളുടെ വികാരത്തെയാണ് വ്രണപ്പെടുത്തിയത്. എന്നാൽ, ഇത്രയും ഗൗരവമേറിയ ഒരു വിഷയത്തിൽ ശക്തമായ നിയമനടപടികൾ സ്വീകരിക്കുന്നതിൽ കേരളത്തിലെ UDF സർക്കാരും ഭരണ സംവിധാനങ്ങളും കാട്ടിയ ദുരൂഹമായ മൗനവും, നിയമ നടപടി എടുക്കുവാൻ തയ്യാറാകാത്തതും കടുത്ത സംശയങ്ങൾക്കാണ് ഇടനൽകുന്നത്.

ഒരു സമൂഹത്തിന്റെ മതേതര മനസ്സിനെയും വിശ്വാസ സ്വാതന്ത്ര്യത്തെയും ചോദ്യം ചെയ്യുന്ന തരത്തിലുള്ള പരാമർശങ്ങൾ കുപ്രസിദ്ധരായ ഒരു വിഭാഗം വ്യക്തികളിൽ നിന്നുണ്ടാകുമ്പോൾ നിഷ്പക്ഷമായി നിയമനടപടി സ്വീകരിക്കേണ്ട ബാധ്യത ഭരണകൂടത്തിനുണ്ട്. എന്നാൽ സണ്ണി കപിക്കാടിന്റെ പ്രസ്താവന പുറത്തുവന്ന് മണിക്കൂറുകൾ പിന്നിട്ടിട്ടും പൊലീസിന്റെ ഭാഗത്തുനിന്നോ സർക്കാരിന്റെ ഭാഗത്തുനിന്നോ ശക്തമായ പ്രാരംഭ നടപടികൾ ഉണ്ടാകാതിരിക്കുന്നത് കൃത്യമായ രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണെന്ന് ആരോപണങ്ങൾ ഉയരുന്നുണ്ട്.

കേരളത്തിലെ ചില പ്രത്യേക രാഷ്ട്രീയ ഗ്രൂപ്പുകളെയും വോട്ട് ബാങ്കുകളെയും പിണക്കാൻ ഭയന്ന് സർക്കാർ ഒത്തുകളിക്കുകയാണോ എന്ന ചോദ്യമാണ് വിശ്വാസി സമൂഹം ഉയർത്തുന്നത്.

മറ്റൊരു മതവിഭാഗത്തിന്റെയോ ദൈവങ്ങളുടെയോ വിശ്വാസപ്രമാണങ്ങൾക്കെതിരെയാണ് ഇത്തരം പരാമർശങ്ങൾ വന്നിരുന്നതെങ്കിൽ സർക്കാർ ഇതേ വേഗതയിലാണോ പ്രതികരിക്കുക എന്ന ന്യായമായ സംശയം ജനങ്ങളിൽ ശക്തമാണ്. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെ പ്രീണന തന്ത്രങ്ങളുടെ ഭാഗമായി ഹൈന്ദവ വിശ്വാസങ്ങളെയും ആചാരങ്ങളെയും നിരന്തരം ലക്ഷ്യം വെക്കുന്ന ശക്തികൾക്ക് കുടപിടിക്കുന്ന സമീപനമാണ് UDF സർക്കാറും സ്വീകരിക്കുക എന്നതാണ് ഇതിലൂടെ പുറത്തുവരുന്നത്. പരാതികൾ വിവിധ ഹൈന്ദവ സംഘടനകളുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടും മുഖ്യമന്ത്രിയും, ആഭ്യന്തര മന്ത്രിയും ബന്ധപ്പെട്ട വകുപ്പുകളും കൈകെട്ടി നോക്കിനിൽക്കുന്നത് തികച്ചും അപലപനീയമാണ്.

ഈ വിഷയത്തിൽ സർക്കാരിന്റെയും ഭരണകക്ഷിയുടെയും ഭാഗത്തുനിന്നുണ്ടാകുന്ന അസ്വാഭാവികമായ മെല്ലെപ്പോക്കിന് പിന്നിൽ എ.ഐ.സി.സിയുടെ (AICC) നേരിട്ടുള്ള ഇടപെടലുകളുണ്ടെന്ന സംശയം ഇതിനകം തന്നെ രാഷ്ട്രീയ കേന്ദ്രങ്ങളിൽ ചർച്ചയായിട്ടുണ്ട്. കേരളത്തിലെ പ്രാദേശിക വികാരങ്ങളെയും ഹൈന്ദവ വിശ്വാസങ്ങളെയും മാനിക്കുന്നതിനേക്കാൾ ഉപരിയായി, ദേശീയ തലത്തിലെ ചില സഖ്യങ്ങളുടെയും പ്രത്യേക താത്പര്യങ്ങളുടെയും സമ്മർദ്ദങ്ങൾക്ക് ഹൈക്കമാൻഡ് വഴങ്ങുന്നുണ്ടോ എന്ന ഗൗരവതരമായ ചോദ്യമാണ് ഉയരുന്നത്.

സംസ്ഥാനത്തെ കോൺഗ്രസ് നേതൃത്വത്തെയും സർക്കാരിനെയും ഡൽഹിയിൽ നിന്ന് നിയന്ത്രിക്കുന്ന ചില ശക്തികൾ ഇത്തരം വിവാദങ്ങളിൽ മൃദുസമീപനം സ്വീകരിക്കാൻ രഹസ്യ നിർദ്ദേശം നൽകിയിട്ടുണ്ടെന്നാണ് സൂചനകൾ. ന്യൂനപക്ഷ പ്രീണനമെന്ന ഒറ്റമൂലിയിലൂടെ രാഷ്ട്രീയ നേട്ടം കൊയ്യാൻ ശ്രമിക്കുന്ന കോൺഗ്രസ് ഹൈക്കമാൻഡിന്റെ നയങ്ങളാണ് കേരളത്തിൽ അയ്യപ്പ ഭക്തരുടെ വികാരം വ്രണപ്പെടുത്തിയപ്പോഴും സർക്കാരിനെക്കൊണ്ട് നടപടികൾ വൈകിപ്പിക്കുന്നത്. സണ്ണി കപിക്കാടിനെ പോലുള്ളവർക്ക് സംരക്ഷണം നൽകുന്ന തരത്തിലുള്ള ഡൽഹി ലോബിയുടെ ഇടപെടലുകൾ കേരളത്തിലെ ജനങ്ങളോടുള്ള വെല്ലുവിളിയാണ്.

ശബരിമല കർമസമിതിയും, പന്തളം കൊട്ടാരവും, വിവിധ ഹൈന്ദവ സംഘടനകളും ഒരേ സ്വരത്തിൽ സണ്ണി കപിക്കാടിനെതിരെ കർശന നിയമനടപടി ആവശ്യപ്പെട്ട് രംഗത്തെത്തിയിട്ടും സർക്കാർ മുഖംതിരിഞ്ഞു നിൽക്കുകയാണ്. പ്രഥമദൃഷ്ട്യാ നിലനിൽക്കുന്ന വകുപ്പുകൾ പ്രകാരം സ്വമേധയാ കേസെടുക്കാൻ പോലും തയ്യാറാകാതെ പൊലീസ് സംവിധാനത്തെ രാഷ്ട്രീയ തടവറയിലാക്കിയ UDF സർക്കാർ കേരളത്തിലെ സമാധാനാന്തരീക്ഷം തകർക്കാൻ ബോധപൂർവ്വം ശ്രമിക്കുകയാണ് ചെയ്യുന്നത്. പൗരാവകാശത്തിന്റെയും ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെയും മറവിൽ ഹിന്ദു ദൈവങ്ങളേയും, വിശ്വാസങ്ങളേയും അധിക്ഷേപിക്കാം എന്ന ലൈസൻസാണ് ഇതിലൂടെ ചിലർക്ക് നൽകപ്പെടുന്നത്. ഭൂരിപക്ഷ സമൂഹത്തിന്റെ വിശ്വാസങ്ങളെ കാറ്റിൽപ്പറത്തിക്കൊണ്ടുള്ള UDF സർക്കാരിന്റെ പ്രീണന രാഷ്ട്രീയം കേരളത്തിന്റെ മതേതരത്വത്തിന് തന്നെ വലിയ ആഘാതമാണ് സൃഷ്ടിക്കുന്നത്. എ.ഐ.സി.സിയുടെ ഒളിഞ്ഞും തെളിഞ്ഞുമുള്ള സമ്മർദ്ദങ്ങൾക്ക് വഴങ്ങി ഹൈന്ദവ വിശ്വാസികളെ വഞ്ചിച്ച സർക്കാർ നടപടി ചരിത്രത്തിൽ കറുത്ത അധ്യായമായി നിലനിൽക്കും.

വിശ്വാസികൾക്കിടയിൽ കടുത്ത അമർഷം പുകയുമ്പോൾ, ഈ ദുരൂഹതകൾക്കൊക്കെയും സർക്കാരും ഭരണകക്ഷിയും കൃത്യമായ മറുപടി പറയേണ്ടി വരും എന്നതിൽ സംശയമില്ല. ഹിന്ദു വിശ്വാസ സംരക്ഷണ വേദി ..

Leave a Reply

Your email address will not be published. Required fields are marked *