ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ തീരുമാനം കാത്ത് അധികൃതർ
കോഴിക്കോട്: ട്രെയിൻ യാത്രയ്ക്കിടെ എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച സംഭവത്തിൽ യുവതിയെ റെയിൽവേ പൊലീസ് കണ്ടെത്തി. ഷൊർണൂർ–കോഴിക്കോട് പാസഞ്ചർ ട്രെയിനിലാണ് തിങ്കളാഴ്ച രാവിലെ 10.30ഓടെ സംഭവം നടന്നത്.
കോഴിക്കോട് നിന്ന് പുറപ്പെടാനൊരുങ്ങിയ ട്രെയിനിലുണ്ടായിരുന്ന യുവതി കുഞ്ഞിനെ സീറ്റിൽ കിടത്തി സഹയാത്രികനോട് നോക്കാൻ ഏൽപ്പിച്ച ശേഷം ശുചിമുറിയിലേക്ക് പോകുന്നുവെന്ന് പറഞ്ഞു. എന്നാൽ ട്രെയിൻ പുറപ്പെട്ടിട്ടും യുവതി തിരികെ കംപാർട്ട്മെന്റിലേക്ക് എത്തിയില്ല. ഇതിനിടെ കുഞ്ഞ് കരയാൻ തുടങ്ങിയതോടെ സഹയാത്രികർ ആശങ്കപ്പെട്ടു.
തുടർന്ന് ട്രെയിൻ ഫറോക്ക് സ്റ്റേഷനിലെത്തിയപ്പോൾ യുവാവ് കുഞ്ഞുമായി ഇറങ്ങി റെയിൽവേ പോലീസിന് കൈമാറി. റെയിൽവേ പോലീസും റെയിൽവേ ചൈൽഡ് ഹെൽപ് ഡെസ്കും ചേർന്ന് കുഞ്ഞിനെ കോഴിക്കോട് സെന്റ് വിൻസെന്റ് ഹോമിലെ ശിശുഭവനിലേക്ക് മാറ്റി.
പിന്നീട് നടത്തിയ തിരച്ചിലിൽ യുവതിയെ കോഴിക്കോട് റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്ന് കണ്ടെത്തി. മുമ്പും യുവതി കുഞ്ഞിനെ സമാന രീതിയിൽ ഉപേക്ഷിക്കാൻ ശ്രമിച്ചിട്ടുണ്ടെന്ന് അന്വേഷണത്തിൽ വ്യക്തമായി.
കുഞ്ഞിന് ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലെന്ന് അധികൃതർ അറിയിച്ചു. കുഞ്ഞുമായി ബന്ധപ്പെട്ട രേഖകൾ ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ് കൈമാറി. കുഞ്ഞിനെ അമ്മയുടെ കൂടെ അയക്കണമോ അല്ലെങ്കിൽ ഹോമിൽ പരിചരിക്കണമോ എന്നത് ചൈൽഡ് വെൽഫെയർ കമ്മിറ്റി തീരുമാനിക്കും.





