തെഹ്റാൻ: കടുത്ത യുദ്ധസാഹചര്യവും ഇസ്രായേൽ ആക്രമണ ഭീഷണിയും നിലനിൽക്കുന്ന സാഹചര്യത്തിൽ ഇറാന്റെ പുതിയ പരമാധികാര നേതാവായി മുജ്തബ ഖമേനിയെ തെരഞ്ഞെടുത്തു. മുൻ പരമാധികാര നേതാവായ അലി ഖമേനിയുടെ രണ്ടാമത്തെ മകനാണ് മുജ്തബ ഖമനെയി. എൺപത്തിയെട്ട് മുതിർന്ന ഷിയാ പുരോഹിതന്മാർ ഉൾപ്പെട്ട വിദഗ്ധ സമിതിയാണ് പുതിയ നേതാവിനെ തെരഞ്ഞെടുത്തത്. സുരക്ഷാ ഭീഷണി നിലനിന്നതിനാൽ നേരിട്ടുള്ള യോഗം ഒഴിവാക്കി ഓൺലൈൻ സംവിധാനത്തിലൂടെയാണ് തെരഞ്ഞെടുപ്പ് നടത്തിയത്.
ഇറാനിലെ ഷിയാ വിശ്വാസികളുടെ പ്രധാന മതകേന്ദ്രമായ ഖും നഗരത്തിലെ ഒരു കെട്ടിടത്തിലാണ് സാധാരണയായി വിദഗ്ധ സമിതി യോഗം ചേരാറുള്ളത്. എന്നാൽ തെരഞ്ഞെടുപ്പ് നടക്കുമെന്ന് കരുതിയ ആ കെട്ടിടത്തിന് നേരെ ഇസ്രായേൽ വ്യോമാക്രമണം നടത്തിയതായി റിപ്പോർട്ടുകളുണ്ട്. ആക്രമണ ഭീഷണി നിലനിന്നതിനാൽ സമിതി അവിടെ യോഗം ചേർന്നില്ലെന്നും അതിനാൽ ഒഴിഞ്ഞുകിടന്ന കെട്ടിടത്തിലാണ് ആക്രമണം നടന്നതെന്നും ഇറാനിലെ ഫാർസ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
പുതിയ നേതാവിനെ തിരഞ്ഞെടുക്കുന്നതിനുള്ള പട്ടികയിൽ മൂന്ന് പേരായിരുന്നു ഉണ്ടായിരുന്നത്. ഇസ്ലാമിക വിപ്ലവത്തിന് നേതൃത്വം നൽകിയ ആദ്യ പരമാധികാര നേതാവായ റുഹുള്ള ഖമെനിയുടെ പേരക്കുട്ടിയാണ് സയ്യിദ് ഹസൻ ഖുമൈനി. അലി റിസ അറാഫിയും സയ്യിദ് ഹസൻ ഖുമൈനിയും മിതവാദികളായ നേതാക്കളായി അറിയപ്പെടുന്നവരാണ്.
സൈനികവും രഹസ്യാന്വേഷണ പ്രവർത്തനങ്ങളും ഏകോപിപ്പിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചിട്ടുള്ള സ്വാധീനശക്തിയുള്ള നേതാവാണ് മുജ്തബ ഖമനെയി. ഇസ്ലാമിക് വിപ്ലവ ഗാർഡ് സേനയുമായി അദ്ദേഹത്തിന് അടുത്ത ബന്ധമുണ്ടെന്ന് വിലയിരുത്തപ്പെടുന്നു. പൊതുവേദികളിൽ വളരെ അപൂർവമായി മാത്രമാണ് അദ്ദേഹം പ്രത്യക്ഷപ്പെടാറുള്ളത്. എങ്കിലും അധികാരകേന്ദ്രങ്ങളിൽ ശക്തമായ സ്വാധീനം അദ്ദേഹത്തിനുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
മുൻപ് മകൻ പിന്‍ഗാമിയാകുന്നതിൽ താത്പര്യമില്ലെന്ന് അലി ഖമേനി വ്യക്തമാക്കിയിരുന്നതായി റിപ്പോർട്ടുകളും ഉണ്ടായിരുന്നു. ഭരണാധികാരം കുടുംബവാഴ്ചയായി മാറാൻ അദ്ദേഹം ആഗ്രഹിച്ചിരുന്നില്ലെന്നാണ് ചില ഇറാനിയൻ ഉദ്യോഗസ്ഥർ പറഞ്ഞിരുന്നത്. എന്നാൽ യുദ്ധസാഹചര്യവും പിതാവിന്റെ മരണത്തിന് പിന്നാലെ രൂപപ്പെട്ട രാഷ്ട്രീയ സാഹചര്യം മുജ്തബയ്ക്ക് അനുകൂലമായതായി നിരീക്ഷകർ വിലയിരുത്തുന്നു.
പിതാവായ അലി ഖനേനിയെ ലോകമെമ്പാടുമുള്ള ഷിയാ വിശ്വാസികൾ രക്തസാക്ഷിയായി കാണുന്ന സാഹചര്യത്തിൽ മുജ്തബ ഖമനെയിക്ക് ജനപിന്തുണ വർധിച്ചതായും വിലയിരുത്തപ്പെടുന്നു. പശ്ചിമേഷ്യയിൽ സംഘർഷം തുടരുന്നതിനിടെ പുതിയ പരമാധികാര നേതാവിന്റെ തെരഞ്ഞെടുപ്പ് മേഖലയിൽ കൂടുതൽ അനിശ്ചിതത്വവും ആശങ്കയും സൃഷ്ടിച്ചിരിക്കുകയാണ്.





