Kerala News Politics

ഭൂരഹിതരായ ആദിവാസികൾക്ക് ഭൂമി നൽകുന്നതിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടു: കേന്ദ്ര മന്ത്രി ദുർഗ്ഗാ ദാസ് ഉയ്‌ഗേ


മാനന്തവാടി: വയനാട്ടിലെ ഭൂരഹിതരായ ആദിവാസികൾക്ക് ഭൂമി നൽകുന്നതിൽ കേരളത്തിലെ എൽഡിഎഫ് സർക്കാർ പൂർണ്ണമായി പരാജയപ്പെട്ടുവെന്ന് കേന്ദ്ര പട്ടികവർഗ്ഗ വകുപ്പ് സഹമന്ത്രി ദുർഗ്ഗാദാസ് ഉയ്‌ഗേ. മാനന്തവാടിയിൽ എൻഡിഎ സ്ഥാനാർത്ഥി ശ്യാം രാജിൻ്റെ തെരഞ്ഞെടുപ്പ് പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേന്ദ്രസർക്കാർ  7134 കോടി രൂപ അനുവദിച്ചിട്ടും കോഴിക്കോട്- കുറ്റ്യാടി- മാനന്തവാടി-കുട്ട ഗ്രീൻഫീൽഡ് ഹൈവേ പദ്ധതി സംസ്ഥാന സർക്കാരും മണ്ഡലം എംഎൽഎയും അട്ടിമറിച്ചു എന്ന് കേന്ദ്രമന്ത്രി ആരോപിച്ചു. സംസ്ഥാന സർക്കാരിൻ്റെയും മണ്ഡലം എംഎൽഎയുടെയും ഉദാസീനത കാരണം പദ്ധതി സ്തംഭിച്ചിരിക്കുകയാണെന്നും കേന്ദ്ര മന്ത്രി വിമർശിച്ചു.

മാനന്തവാടി ജില്ലാ ആശുപത്രി വയനാട് മെഡിക്കൽ കോളേജ് എന്ന പേരിൽ മാത്രം ഒതുങ്ങിയിരിക്കുകയാണ്. മെഡിക്കൽ കോളേജിൻ്റെ അവഗണനക്ക് കാരണം എൽഡിഎഫും യുഡിഎഫും ആണ് മന്ത്രി കുറ്റപ്പെടുത്തി. മണ്ഡലത്തിലെ  ബൈരക്കുപ്പ,
തലപ്പുഴ, കുനിമ്മൽ, മെതക്കര എന്നിവിടങ്ങളിൽ പാലം നിർമ്മിച്ചു നൽകുന്നതിൽ സ്ഥലം എംഎൽഎ പരാജയപ്പെട്ടുവെന്ന് മന്ത്രി പറഞ്ഞു. സ്വർണ്ണക്കൊള്ളയിൽ അടക്കം കടുത്ത പ്രതികരണമാണ് മന്ത്രി നൽകിയത്.  

ശബരിമലയിലെ സ്വർണം കട്ടത് സിപിഎം ആണെങ്കിൽ സ്വർണ്ണം വിറ്റത് കോൺഗ്രസ് ആണെന്നും മന്ത്രി പറഞ്ഞു. ശബരിമല സ്വർണ്ണ കൊള്ളയിൽ എന്തുകൊണ്ടാണ് സംസ്ഥാന സർക്കാർ സിബിഐ അന്വേഷണം ആവശ്യപ്പെടാത്തത്, സിപിഎം നേതാക്കന്മാരെ രക്ഷിക്കാനുള്ള തന്ത്രമാണെന്നും മന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ കുടുംബവും ഓഫീസും അഴിമതി കേസിൽ പ്രതിക്കൂട്ടിൽ ആവുന്ന സാഹചര്യമാണുള്ളതെന്നും കട്ട മുതൽ എൽഡിഎഫ് യുഡിഎഫ് മുന്നണികൾ പങ്കിട്ടതായും മന്ത്രി ആരോപിച്ചു. ജില്ലയിലെ വന്യമൃഗ ശല്യം പരിഹരിക്കുന്നതിൽ സ്ഥലം എംഎൽഎയും സർക്കാരും പൂർണ്ണ പരാജയം ആണെന്നും മന്ത്രി അഭിപ്രായപ്പെട്ടു. ഇന്ന് രാവിലെ 9.15 ഓടെ മാനന്തവാടി ജിവിഎച്ച്എസ്എസ് ഗ്രൗണ്ടിൽ ഹെലികോപ്റ്റർ ഇറങ്ങി അദ്ദേഹം മാനന്തവാടിയിൽ രണ്ടു പരിപാടികളിൽ പങ്കെടുത്തു. ഗോത്ര നേതാക്കളുമായുള്ള ചർച്ചയിൽ നിരവധി ഗോത്ര തലവന്മാർ പങ്കെടുത്തു.

ഗാന്ധി പാർക്കിൽ നടന്ന പൊതുസമ്മേളനത്തിൽ പട്ടികവർഗ്ഗമോർച്ച സംസ്ഥാന പ്രസിഡണ്ട് മുകുന്ദൻ പള്ളിയറ അധ്യക്ഷത വഹിച്ചു. സ്ഥാനാർത്ഥി പി. ശ്യാം രാജ്, കെ മോഹൻദാസ്, പള്ളിയറ രാമൻ, സുമാ രാമൻ, അഖിൽ പ്രേം,  നിധീഷ് ലോക്‌നാഥ് എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *