Kerala News

സെക്രട്ടേറിയറ്റില്‍ പട്ടികജാതി ജീവനക്കാരിക്ക് ജാതി അധിക്ഷേപം; സ്ഥലം മാറിയതിനെ തുടര്‍ന്ന് ശുദ്ധികലശം നടത്തിയെന്ന് പരാതി

തിരുവനന്തപുരം: പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വനിതാ ജീവനക്കാരി സ്ഥലം മാറിയതിനെ തുടര്‍ന്ന് സെക്രട്ടേറിയറ്റില്‍ ശുദ്ധികലശം നടത്തിയതായി ഗുരുതരമായ ജാതി അധിക്ഷേപാരോപണം. ഭരണപരിഷ്‌കാര അഡ്മിനിസ്‌ട്രേറ്റീവ് വിജിലന്‍സ് സെല്ലില്‍ അറ്റന്‍ഡറായി ജോലി ചെയ്തിരുന്ന ജീവനക്കാരി തന്നെയാണ് പരാതി നല്‍കിയിരിക്കുന്നത്.

സെക്രട്ടേറിയറ്റ് അസോസിയേഷന്‍ നേതാവ് പ്രേമാനന്ദനെതിരെയാണ് ജീവനക്കാരിയുടെ പരാതി. താന്‍ ഉപയോഗിച്ചിരുന്ന ഓഫീസ് സാമഗ്രികള്‍ മാറ്റിയെന്നും, സ്ഥലം മാറ്റത്തിന് പിന്നാലെ ഓഫീസില്‍ ശുദ്ധികലശം നടത്തണമെന്ന് പ്രേമാനന്ദന്‍ ആവശ്യപ്പെട്ടതായും പരാതിയില്‍ പറയുന്നു.

കോന്നി സ്വദേശിനിയായ പരാതിക്കാരി, കേസുമായി ബന്ധപ്പെട്ട് എസ്‌സിഎസ്ടി കമ്മീഷനിലും കന്റോണ്മെന്റ് പൊലീസ് സ്റ്റേഷനിലും പരാതിയുമായി സമീപിച്ചിട്ടുണ്ട്. കമ്മീഷന്‍ പൊതുഭരണവകുപ്പിനോട് 20 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നു നിര്‍ദേശം നല്‍കി.

അതേസമയം, പരാതിയില്‍ പറയുന്നത് പോലൊരു സംഭവം സെക്രട്ടറിയേറ്റില്‍ നടന്നിട്ടില്ലെന്ന് ആരോപണ വിധേയന്‍ പറഞ്ഞു.മാനനഷ്ടത്തിന് കേസ് കൊടുക്കുമെന്നും താന്‍ ഒരിക്കലും ഒരാളെയും വ്യക്തിപരമായി അധിക്ഷേപിക്കുന്ന ആളല്ലെന്നും ആരോപണ വിധേയന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *