ബുഡാപെസ്റ്റ്: ലോക ഒന്നാം നമ്പർ ചെസ് താരം മാഗ്നസ് കാൾസൺ മത്സരം പൂർത്തിയാക്കാതെ പിന്മാറിയതോടെ ടോട്ടൽ ചെസ് വേൾഡ് ചാമ്പ്യൻഷിപ്പ് ടൂർ പൈലറ്റിൽ വിവാദം. കസാഖിസ്ഥാൻ ഗ്രാൻഡ്മാസ്റ്റർ ബിബിസാര അസൗബയേവയ്‌ക്കെതിരായ ഫാസ്റ്റ് ക്ലാസിക് മത്സരമാണ് കാൾസൺ പരാജയം സമ്മതിച്ച് ഉപേക്ഷിച്ചത്.
രണ്ടു ദിവസങ്ങളിലായി നടക്കുന്ന മത്സരത്തിന്റെ ആദ്യ ഘട്ടത്തിൽ തന്നെ വ്യക്തമായ ലീഡ് നേടിയ ശേഷമായിരുന്നു നോർവീജിയൻ താരത്തിന്റെ നടപടി. ചൊവ്വാഴ്ച നടന്ന നാല് ബ്ലിറ്റ്സ് മത്സരങ്ങളിൽ മൂന്നിലും രണ്ട് റാപ്പിഡ് മത്സരങ്ങളിലും വിജയിച്ച കാൾസൺ 11 പോയിന്റിന്റെ നിർണായക ലീഡ് സ്വന്തമാക്കിയിരുന്നു.
കിരീടപ്പോരാട്ടത്തിൽ നിന്ന് നേരത്തേ പുറത്തായിരുന്ന കാൾസൺ 17-ാം സ്ഥാനത്തിനായുള്ള മത്സരത്തിലായിരുന്നു പങ്കെടുക്കുന്നത്. ഫാസ്റ്റ് ക്ലാസിക് മത്സരം തുടങ്ങുന്നതിന് മുമ്പ് ആർബിറ്ററുമായി സംസാരിച്ച താരം പിന്നീട് കളിക്കളത്തിൽനിന്ന് മടങ്ങുകയായിരുന്നു.
എന്നാൽ തന്റെ തീരുമാനത്തെക്കുറിച്ച് ബിബിസാരയെ അറിയിക്കാതെയാണ് കാൾസൺ മടങ്ങിയത്. നോർവീജിയൻ താരത്തെ കാത്ത് ബിബിസാര കളിക്കളത്തിൽ ഇരിക്കുമ്പോഴായിരുന്നു സംഭവം. കാൾസന്റെ നടപടി ചെസ് ലോകത്ത് ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്.





