മൾട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങളുടെ പ്രവർത്തനത്തിൽ കൂടുതൽ നിരീക്ഷണവും നിയമപരമായ വ്യവസ്ഥകളുടെ കർശനമായ പാലനവും സുതാര്യതയും ഉറപ്പാക്കണമെന്ന് കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി അമിത് ഷാ.
മഹാരാഷ്ട്രയിലെ പുണെയിലുള്ള സെൻട്രൽ രജിസ്ട്രാർ ഓഫ് കോഓപ്പറേറ്റീവ് സൊസൈറ്റീസിന്റെ (CRCS) പ്രാദേശിക ഓഫീസ് പ്രവർത്തനം അവലോകനം ചെയ്യുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
സഹകരണ സംഘങ്ങളുടെ രജിസ്ട്രേഷൻ, നിയന്ത്രണം, പരിശോധന, നിരീക്ഷണം എന്നിവയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ അദ്ദേഹം ഉദ്യോഗസ്ഥരുമായി വിലയിരുത്തി. മഹാരാഷ്ട്രയിലെയും പടിഞ്ഞാറൻ മേഖലയിലെയും സഹകരണ സംഘങ്ങളുടെ രജിസ്ട്രേഷൻ നിലയും നിയന്ത്രണ സംവിധാനം ശക്തിപ്പെടുത്തുന്നതിനുള്ള നടപടികളും അവലോകനം ചെയ്തു.
ദേശീയ സഹകരണ നയത്തിന് അനുസൃതമായിരിക്കണം മൾട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങളുടെ വികസനമെന്ന് അമിത് ഷാ പറഞ്ഞു. പ്രാദേശിക ഓഫീസുകളുടെ ചുമതല രജിസ്ട്രേഷനിൽ മാത്രം ഒതുങ്ങരുതെന്നും ഫലപ്രദമായ മേൽനോട്ടം, ഉത്തരവാദിത്തം, മികച്ച ഭരണസംവിധാനം എന്നിവ ഉറപ്പാക്കണമെന്നും അദ്ദേഹം നിർദേശിച്ചു.
രജിസ്ട്രേഷൻ, പരിശോധന, ഓഡിറ്റിങ്, പരാതിപരിഹാരം തുടങ്ങിയ നിയമപരമായ നടപടികൾ സുതാര്യമായും നിശ്ചിത സമയപരിധിക്കുള്ളിലും പൂർത്തിയാക്കണം. ക്രമക്കേടുകൾ തടയുന്നതിനും അംഗങ്ങളുടെയും നിക്ഷേപകരുടെയും താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനും കർശനമായ നിരീക്ഷണവും നിയമവ്യവസ്ഥകളുടെ പാലനവും അനിവാര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘സഹകരണത്തിലൂടെ സമൃദ്ധി’ എന്ന കാഴ്ചപ്പാട് യാഥാർത്ഥ്യമാക്കുന്നതിനും സഹകരണ മേഖലയിൽ സ്ഥാപനങ്ങളുടെ പ്രവർത്തനം ശക്തിപ്പെടുത്തുന്നതിനും സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുന്നതിനുമുള്ള കേന്ദ്രസർക്കാർ നടപടികളുടെ ഭാഗമായാണ് അവലോകനം.




