Kerala News Politics

ജനങ്ങളെ കൊള്ളയടിച്ച വസ്തുനികുതി പണം തിരികെ നൽകുമെന്ന രാജൻ പല്ലൻ എംഎൽഎയുടെ പ്രസ്താവന സ്വാഗതാർഹം: രഘുനാഥ് സി മേനോൻ

തൃശ്ശൂർ: ജനങ്ങളെ കൊള്ളയടിച്ച വസ്തുനികുതി പണം തിരിച്ചു നൽകാതിരിക്കാൻ ഇപ്പോഴത്തെ കോൺഗ്രസ് ഭരണനേതൃത്വം ഉപായം മെനയുമ്പോൾ കോൺഗ്രസ് വാഗ്ദാനം പാലിക്കുമെന്നും കൊള്ളമുതൽ തിരിച്ച് നൽകുമെന്നുമുള്ള എം എൽ എ രാജൻ പല്ലൻ്റെ പ്രസ്‌താവന സ്വാഗതാർഹമെന്ന് ബിജെപി പാർലമെൻ്ററി പാർട്ടിനേതാവ് രഘുനാഥ് സി മേനോൻ.
ഇടത് ഭരണത്തിലെ ചട്ടവിരുദ്ധ നികുതി പരിഷ്കരണ നടപടികൾ റദ്ദാക്കിയും കൊള്ള മുതൽ തിരിച്ചു നൽകാൻ നിർദ്ദേശിച്ചുമുള്ള കോടതിവിധിക്കെതിരെ സുപ്രീം കോടതിവരെ അപ്പീൽ നൽകിയത് കൗൺസിലിലെ ഭൂരിപക്ഷ തീരുമാനത്തിന്ന് വിരുദ്ധമെന്ന പ്രസ്താവനയോട് ആത്മാർത്ഥതയുണ്ടെങ്കിൽ ഇക്കാര്യത്തിലെ ജനാധിപത്യ ധ്വംസനത്തിൽ അന്വേഷണം ആവശ്യപ്പെട്ട് സർക്കാരിന് കത്ത് നൽകാൻ രാജൻപല്ലൻ തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ചട്ടങ്ങൾ പാലിക്കാതെ ഇടത് ഭരണസമിതി നടപ്പാക്കിയ നികുതി പരിഷ്കരണം ഹൈക്കോടതി സിങ്കിൾ ബഞ്ച് റദ്ദാക്കുകയും മഴുവൻ ജനങ്ങൾക്കും അനധികൃതമായി പിരിച്ച നികുതിപണം തിരിച്ച് നൽകണമെന്നുമുള്ള വിധിക്കെതിരെ ഡിവിഷൻ ബഞ്ചിലും സുപ്രീം കോടതിയും അപ്പീൽ നൽകിയത് കൗൺസിൽ തീരുമാനത്തിന് വിരുദ്ധമായി മേയറുടെ മുൻകൂർ അനുമതിയിലാണ്. അപ്പിൽ പോകരുതെന്നും സിങ്കിൾബഞ്ച് വിധിനടപ്പാക്കണമെന്നും 30 അംഗ കോൺഗ്രസ് – ബിജെപി പ്രതിപക്ഷം ആവശ്യപെടുകയും വിയോജന കുറിപ്പ് നൽകുകയും ചെയ്തതാണ്. ഭൂരിപക്ഷ തീരുമാനത്തിന്ന് വിരുദ്ധമായി കള്ള മിനിറ്റ്സ് എഴുതിയാണ് അപ്പിൽ പോയത്. ജനങ്ങളുടെ പണം ചിലവഴിച്ച് ജനങ്ങൾക്കെതിരെ അപ്പീൽ പോയ ഇടത്പക്ഷത്തിൻ്റെ ഇപ്പോഴത്തെ നിലപാട് ഇരട്ടതാപ്പാണ്.
കൊള്ള മുതൽ തിരിച്ച് നൽകുമെന്ന് വാഗ്ദാനം ചെയ്ത് അധികാരം നേടിയ കോൺഗ്രസ് പൊതു വിധിനടപ്പാക്കാതെ കോടതിയിൽ പോയ സമ്പന്നരായ 198 പേർക്ക് മാത്രമായി വിധി പരിമിതപെടുത്തിയതും സർക്കാരിനോട് ഉപദേശം തേടിയതും വിധിനടപ്പാക്കാതിരിക്കാനുള്ള കുതന്ത്രമായിരുന്നു.
മുഴുവൻ ജനങ്ങൾക്കും ബാധകമായ വിധി ഒട്ടും താമസമില്ലാതെ നടപ്പാക്കണമെന്ന സർക്കാർ കത്ത് രണ്ട് മാസം പൂഴ്ത്തി വെച്ചതും വിധിനടപ്പുക്കാതിരിക്കാനുഉള തന്ത്രമാണ്. പ്രതിപക്ഷത്ത് നിന്നും കത്ത് പുറത്തു കൊണ്ടുവന്നില്ലായിരുന്നുവെങ്കിൽ ഈ കൗൺസിലിൻ്റെ കാലാവധി വരെ കത്ത് വെളിച്ചം കാണില്ലായിരുന്നു. ഒരു ദിവസം പോലും വൈകാതെ വിധിനടപ്പാക്കാനുള്ള ബാധ്യത കോർപറേഷൻ നേതൃത്വം നിർവ്വഹിക്കണമെന്നും രഘുനാഥ് സി മേനോൻ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *