Business Economy India Kerala News Politics

എഫ്ഐസിസിഐയുടെ വാർഷിക കൺവെൻഷൻ നാളെ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

ന്യൂഡൽഹി: ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബേഴ്സ് ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി (ഫിക്കി)യുടെ വാർഷിക പൊതുയോഗവും വാർഷിക കൺവെൻഷനും പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ (നവംബർ 19) ഉദ്ഘാടനം ചെയ്യും. രാവിലെ 11 മണിയോടെ ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിലാണ് പരിപാടി. ചടങ്ങിൽ പ്രധാനമന്ത്രി സമ്മേളനത്തെ അഭിസംബോധന ചെയ്യുകയും ചെയ്യും.

‘ഭാരത് 2047’ എന്ന പ്രമേയത്തിൽ സംഘടിപ്പിക്കുന്ന കൺവെൻഷനിൽ വ്യവസായ പ്രമുഖർ, ചീഫ് എക്സിക്യൂട്ടീവ് ഓഫീസർമാർ, അംബാസഡർമാർ, നയതന്ത്ര പ്രതിനിധികൾ, നയരൂപകർത്താക്കൾ എന്നിവരുൾപ്പെടെ 2,500-ലധികം പ്രതിനിധികൾ പങ്കെടുക്കും.

2026-27 വർഷം ഫിക്കിയുടെ ശതാബ്ദി വർഷമാണ്. 1927 ഏപ്രിൽ ഏഴിന് സ്ഥാപിതമായ സംഘടനയുടെ നൂറാം വാർഷികം 2027 ഏപ്രിൽ ഏഴിന് ആഘോഷിക്കും.

ഇന്ത്യൻ സംരംഭങ്ങൾക്ക് സാമ്പത്തിക നയരൂപീകരണത്തിൽ പരിമിതമായ പ്രാതിനിധ്യം മാത്രമുണ്ടായിരുന്ന കാലഘട്ടത്തിലാണ് 1927-ൽ ഫിക്കി സ്ഥാപിതമായത്. സ്വാതന്ത്ര്യാനന്തരം രാജ്യത്തിന്റെ സാമ്പത്തിക പരിവർത്തനത്തിലും ആഗോള സമ്പദ്‌വ്യവസ്ഥയുമായുള്ള ഇന്ത്യയുടെ സംയോജനം ശക്തിപ്പെടുത്തുന്നതിലും സംഘടന നിർണായക പങ്കുവഹിച്ചിട്ടുണ്ട്.

നിലവിൽ പൊതുമേഖല, സ്വകാര്യ മേഖല, ബഹുരാഷ്ട്ര കമ്പനികൾ എന്നിവയിലായി 2.5 ലക്ഷത്തിലധികം കമ്പനികളെ ഫിക്കി പ്രതിനിധീകരിക്കുന്നു. നേരിട്ടും 300-ലധികം പ്രാദേശിക, സംസ്ഥാനതല വ്യവസായ സംഘടനകൾ വഴിയുമാണ് ഈ പ്രാതിനിധ്യം. നൂറിലധികം രാജ്യങ്ങളിലെ 250 ദേശീയ ബിസിനസ് അസോസിയേഷനുകളുമായും ഫിക്കിക്ക് പങ്കാളിത്ത കരാറുകളുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *