India Kerala News Politics

സ്ത്രീ വിരുദ്ധ പ്രസ്താവന, സമസ്ത നിലപാട് അപലപനീയം: എം.ടി. രമേശ്

മുഖ്യമന്ത്രിയുടെയും പ്രതിപക്ഷ നേതാവിന്റെയും മൗനം ദുരൂഹം; മതസംഘടനകളെ ഭയന്ന് കേരളത്തിലെ കോൺഗ്രസും സിപിഎമ്മും സ്ത്രീ സമൂഹത്തിനെതിരായി സമസ്ത കാന്തപുരം വിഭാഗം നടത്തിയ പ്രസ്താവന അപലപനീയമാണെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ്.

സ്ത്രീകൾ പുറത്തിറങ്ങാൻ പാടില്ലെന്ന തരത്തിലുള്ള നിലപാടുകൾ കേരളത്തിന്റെ സാമൂഹിക പുരോഗതിക്കും സ്ത്രീകളുടെ സ്വാതന്ത്ര്യത്തിനും എതിരാണെന്നും അദ്ദേഹം പറഞ്ഞു.

തൃശൂരിൽ മാധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു എം.ടി. രമേശ്. സ്ത്രീകൾക്കെതിരായ ഇത്തരം പരാമർശങ്ങളിൽ മുഖ്യമന്ത്രി വി ഡി സതീശൻ പ്രതികരിക്കാത്തത് എന്തുകൊണ്ടാണെന്ന് കേരള സമൂഹത്തിന് അറിയാൻ താൽപര്യമുണ്ടെന്ന് എം.ടി. രമേശ് പറഞ്ഞു.

സ്ത്രീകളുടെ വിദ്യാഭ്യാസവും തൊഴിലും സ്വാതന്ത്ര്യവും സംബന്ധിച്ച് വലിയ അവകാശവാദങ്ങൾ ഉന്നയിക്കുന്ന സർക്കാരാണ് കേരളത്തിലുള്ളത്. എന്നാൽ, ഒരു മതസംഘടന സ്ത്രീകളുടെ സ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യുന്ന നിലപാട് സ്വീകരിച്ചപ്പോൾ മുഖ്യമന്ത്രി മൗനം പാലിക്കുന്നത് ഗൗരവമായി കാണേണ്ട വിഷയമാണെന്നും അദ്ദേഹം പറഞ്ഞു. മതനേതാക്കളുടെ പ്രസ്താവനകളോട് പ്രതികരിക്കാനില്ലെന്ന വിദ്യാഭ്യാസ മന്ത്രിയുടെ നിലപാട് സർക്കാരിന്റെ സമീപനം വ്യക്തമാക്കുന്നതാണ്.

സമസ്തയുടെ നിലപാട് സമൂഹത്തെ വർഗീയമായി വിഭജിക്കുന്നതിനുള്ള തെളിവാണെന്നും എം.ടി. രമേശ് ആരോപിച്ചു. സമസ്തയുടെ നിലപാടിന് മുസ്ലിം ലീഗിന്റെ ഭാഗത്തുനിന്നും അംഗീകാരം ലഭിക്കുന്ന സാഹചര്യമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. മുസ്ലിം ലീഗിന്റെ അഭിപ്രായമായതുകൊണ്ടാണോ മുഖ്യമന്ത്രി ഈ വിഷയത്തിൽ പ്രതികരിക്കാത്തതെന്നും അദ്ദേഹം ചോദിച്ചു.

തിരഞ്ഞെടുപ്പ് കാലത്ത് ഉണ്ടായ രാഷ്ട്രീയ ബാന്ധവത്തിന്റെ ഭാഗമായിട്ടാണോ മുഖ്യമന്ത്രി ഇപ്പോൾ മൗനം പാലിക്കുന്നതെന്ന് കേരളത്തിലെ ജനങ്ങൾ ചിന്തിക്കേണ്ടതുണ്ടെന്നും എം.ടി. രമേശ് പറഞ്ഞു.

മുഖ്യമന്ത്രി മാത്രമല്ല, പ്രതിപക്ഷ നേതാവും ഈ വിഷയത്തിൽ പ്രതികരിക്കാൻ തയ്യാറായിട്ടില്ല. കേരളത്തിലെ ചില മതസംഘടനകളെ ഭയന്ന് കോൺഗ്രസും സിപിഎമ്മും പ്രവർത്തിക്കുന്നത് അപലപനീയമാണ്.

സ്ത്രീ സമത്വത്തിന്റെയും സ്ത്രീ സ്വാതന്ത്ര്യത്തിന്റെയും വക്താവായി സംസാരിക്കുന്ന രാഹുൽ ഗാന്ധിക്കും ഇത്തരം വിഷയങ്ങളിൽ മിണ്ടാട്ടമില്ലാത്തത് ശ്രദ്ധേയമാണെന്നും അദ്ദേഹം പറഞ്ഞു. ശബരിമല വിഷയത്തിലെ പരാമർശത്തിലും സർക്കാർ നടപടി സ്വീകരിക്കുന്നില്ല. ശബരിമലയുമായി ബന്ധപ്പെട്ട് സണ്ണി കപികാട് നടത്തിയ അപകീർത്തികരമായ പരാമർശങ്ങളിലും സർക്കാർ നടപടി സ്വീകരിക്കുന്നില്ലെന്ന് എം.ടി. രമേശ് ആരോപിച്ചു.

വിവിധ ഹൈന്ദവ സംഘടനകൾ പരാതികൾ നൽകിയിട്ടും ഇതുവരെ ആവശ്യമായ നടപടികൾ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മറ്റു പല വിഷയങ്ങളിലും ആളുകളെ അറസ്റ്റ് ചെയ്യാൻ പാതിരാത്രിയിലും പൊലീസ് സജീവമായി രംഗത്തിറങ്ങാറുണ്ട്. എന്നാൽ, ഹിന്ദു വിശ്വാസങ്ങളെയും ആചാരങ്ങളെയും അവഹേളിക്കുന്നതായി ആരോപിക്കപ്പെടുന്ന ഇത്തരം വിഷയങ്ങളിൽ പൊലീസ് അനങ്ങാപ്പാറ നയം സ്വീകരിക്കുന്നത് എന്തുകൊണ്ടാണെന്ന് സർക്കാർ വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഹിന്ദു ആചാരങ്ങളെയും വിശ്വാസങ്ങളെയും ചവിട്ടിമെതിക്കാനുള്ള ശ്രമങ്ങൾക്ക് സർക്കാർ കൂട്ടുനിൽക്കരുത്. ഇത്തരം പ്രസ്താവനകളെ ന്യായീകരിക്കാനോ സംരക്ഷിക്കാനോ ആരെയും അനുവദിക്കരുതെന്നും എം.ടി. രമേശ് പറഞ്ഞു. സണ്ണി കപികാടിനെ ന്യായീകരിക്കാൻ രംഗത്തെത്തുന്നവർ യുഡിഎഫിന്റെ സഹകാരികളായി മാറിയിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. സ്ത്രീകളുടെ അവകാശങ്ങൾക്കും സാമൂഹിക സമത്വത്തിനും വേണ്ടി സംസാരിക്കുന്ന രാഷ്ട്രീയ പാർട്ടികൾ ഇത്തരം വിഷയങ്ങളിൽ ഇരട്ടത്താപ്പ് അവസാനിപ്പിക്കണം. മതസംഘടനകളുടെ സമ്മർദ്ദത്തിന് വഴങ്ങി സ്ത്രീകളുടെ സ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യുന്ന പ്രസ്താവനകളോട് മൗനം പാലിക്കുന്ന രാഷ്ട്രീയ നിലപാട് കേരളത്തിലെ ജനങ്ങൾ വിലയിരുത്തുമെന്നും എം.ടി. രമേശ് പറഞ്ഞു.

തൃശൂരിൽ നടന്ന വാർത്താസമ്മേളനത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശിനൊപ്പം ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആന്റണി, ബിജെപി സിറ്റി ജില്ലാ പ്രസിഡന്റ് ജസ്റ്റിൻ ജേക്കബ്, ബിജെപി സോഷ്യൽ മീഡിയ സ്റ്റേറ്റ് കൺവീനർ അഭിജിത്, ബിജെപി ജില്ലാ സെക്രട്ടറി റോഷൻ, ബിജെപി സിറ്റി ജില്ലാ മീഡിയ കൺവീനർ ദിനേഷ്‌കുമാർ കരിപ്പേരിൽ എന്നിവരും പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *