Health India Kerala News

തൃശ്ശൂർ സുവോളജിക്കൽ പാർക്കിലെ ‘നന്ദു’ എന്ന കടുവയ്ക്ക് ദയാവധം

തൃശ്ശൂർ സുവോളജിക്കൽ പാർക്കിൽ പരിചരണത്തിലായിരുന്ന ‘നന്ദു’ എന്ന ആൺകടുവയുടെ ദയാവധം നടത്തി. കഴിഞ്ഞ ഡിസംബറിൽ വയനാട്ടിൽ നിന്ന് രക്ഷപ്പെടുത്തി പുത്തൂരിലെ തൃശ്ശൂർ സുവോളജിക്കൽ പാർക്കിൽ എത്തിച്ച നന്ദുവിന് ബയോപ്സി പരിശോധന നടത്തി വായയിൽ ക്യാൻസർ (Squamous Cell Carcinoma) സ്ഥിരീകരിക്കുകയായിരുന്നു. വായിൽ നിന്നും ചോര വരുകയും ഭക്ഷണം കഴിക്കാൻ അടക്കം ബുദ്ധിമുട്ട് നേരിടുകയും ചെയ്തിരുന്നു. തുടർന്ന് വിദഗ്ദ്ധ വെറ്ററിനറി ഡോക്ടർമാരുടെ മേൽനോട്ടത്തിൽ ചികിത്സ നൽകിയിരുന്നെങ്കിലും രോഗം മൂർച്ഛിക്കുകയും വായ അടക്കാൻ പറ്റാത്ത സാഹചര്യത്തിൽ ആരോഗ്യനില വഷളാവുകയും ചെയ്തു. കീമോ തെറാപ്പിയുടെ സാധ്യതകൾ ആലോചിച്ചുവെങ്കിലും ബ്ലഡ് വീക്കായതിനാൽ അതും സാധ്യമായില്ല. രോഗത്തിന്റെ തീവ്രത മൂലം കടുവ അനുഭവിച്ച കടുത്ത വേദന കണക്കിലെടുത്തും, ആരോഗ്യനിലയിൽ പുരോഗതിക്ക് സാധ്യതയില്ലെന്ന വെറ്ററിനറി വിദഗ്ദ്ധരുടെ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലും, ചീഫ് വൈൽഡ് ലൈഫ് വാർഡൻ്റെ ഉത്തരവ് പ്രകാരമാണ് ദയാവധം നടത്തിയത്.

റിക്കവറി സാധ്യമല്ലാത്ത സാഹചര്യത്തിൽ മൃഗങ്ങളെ നരകിപ്പിക്കാൻ പാടില്ലെന്ന് വൈൽഡ് ലൈഫ് ആക്റ്റിൽ പറയുന്നുണ്ട്. ഇത് പ്രകാരമാണ് ദയാവധം എന്ന തീരുമാനത്തിലേക്ക് എത്തിയത് എന്ന് പുത്തൂർ സുവോളജിക്കൽ പാർക്ക് ഡയറക്ടർ BN നാഗരാജ് IFS പറഞ്ഞു. സെപ്റ്റംബർ 9ന് രാവിലെ 10 മണിയോടെ മണ്ണുത്തി വെറ്ററിനറി സർവകലാശാലയിൽ പോസ്റ്റ് മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം, മൃതദേഹം മാനദണ്ഡങ്ങൾ പാലിച്ച് തൃശ്ശൂർ സുവോളജിക്കൽ പാർക്ക് വളപ്പിൽ സംസ്‌കരിച്ചു. 14 വയസാണ് കടുവക്കുണ്ടായിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *