ന്യൂഡൽഹി: മണിപ്പൂരിൽ കുക്കി-സോ വിഭാഗത്തിന് നിയമസഭയുള്ള പ്രത്യേക കേന്ദ്രഭരണ പ്രദേശം (Union Territory) അനുവദിക്കണമെന്ന ആവശ്യം വീണ്ടും ഉന്നയിച്ച് കുക്കി നാഷണൽ ഓർഗനൈസേഷൻ (KNO), യുണൈറ്റഡ് പീപ്പിൾസ് ഫ്രണ്ട് (UPF) സംഘടനകൾ. 2023 മേയിൽ മണിപ്പൂരിൽ വംശീയ സംഘർഷം ആരംഭിച്ചതിന് ശേഷം സംസ്ഥാനത്തെ സാഹചര്യം അടിസ്ഥാനപരമായി മാറിയെന്നും സംഘടനകൾ വ്യക്തമാക്കി.
കേന്ദ്രസർക്കാരുമായി സസ്പെൻഷൻ ഓഫ് ഓപ്പറേഷൻസ് (SoO) കരാറിൽ ഒപ്പുവെച്ചിട്ടുള്ള സംഘടനകളാണ് KNOയും UPFയും. സംഘർഷത്തിന് മുമ്പുണ്ടായിരുന്ന രാഷ്ട്രീയ-ഭരണ സംവിധാനത്തിലേക്ക് തിരിച്ചുപോകുന്നത് നിലവിലെ സാഹചര്യത്തിൽ യാഥാർത്ഥ്യബോധമുള്ളതോ അംഗീകരിക്കാവുന്നതോ അല്ലെന്ന് ഇരുസംഘടനകളും സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.
സമൂഹങ്ങൾക്കിടയിലെ വിശ്വാസം ദീർഘകാലമായി തകർന്നതും വിവിധ വിഭാഗങ്ങളിൽപ്പെട്ട ആളുകൾ പലായനം ചെയ്യേണ്ടിവന്നതും പരസ്പരം വേർപിരിഞ്ഞ് കഴിയേണ്ട സാഹചര്യം ഉണ്ടായതും സംഘടനകൾ ചൂണ്ടിക്കാട്ടി.
കുക്കി-സോ വിഭാഗത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിൽ നിലവിലെ സംസ്ഥാന ഭരണസംവിധാനം പരാജയപ്പെട്ടതായും സംഘടനകൾ ആരോപിച്ചു. ഇതിന്റെ പശ്ചാത്തലത്തിലാണ് നിയമനിർമാണ അധികാരങ്ങളുള്ള പ്രത്യേക ഭരണസംവിധാനം വേണമെന്ന ആവശ്യം ശക്തമാക്കിയത്.
അതേസമയം, മണിപ്പൂരിൽ ദേശീയ പൗരത്വ രജിസ്റ്റർ (NRC) തയ്യാറാക്കുകയോ പുതുക്കുകയോ ചെയ്യുന്നതിനുള്ള നടപടികൾ സമ്പൂർണ സെൻസസ് പൂർത്തിയാക്കിയതിന് ശേഷം മാത്രമേ ആരംഭിക്കാവൂ എന്നും സംഘടനകൾ ആവശ്യപ്പെട്ടു.
ഭാവിയിലെ രാഷ്ട്രീയ നടപടികളിൽ നിലവിലെ സാഹചര്യങ്ങളെയും കുക്കി-സോ വിഭാഗത്തിന്റെ സുരക്ഷയും രാഷ്ട്രീയ അവകാശങ്ങളുമായി ബന്ധപ്പെട്ട ആശങ്കകളെയും പരിഗണിക്കണമെന്നും ഇരു പാർട്ടികളും ആവശ്യപ്പെട്ടു.




