കൽപ്പറ്റ: നെടുമ്പാശേരി മിനി കൂപ്പർ അപകടത്തിൽ കൊല്ലപ്പെട്ട ഇരകളുടെ കുടുംബങ്ങൾക്ക് നീതി ലഭിക്കാൻ സംസ്ഥാന സർക്കാർ ആത്മാർത്ഥത കാണിക്കണമെന്ന് ബിജെപി ദേശീയ നിർവ്വാഹക സമിതി അംഗം കുമ്മനം രാജശേഖരൻ ആവശ്യപ്പെട്ടു.
അപകടത്തിൽ മരിച്ച മടക്കി മല സ്വദേശി ദേവികയുടെ കുടുംബത്തെ വീട്ടിലെത്തി സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഭവത്തിന്റെ തുടക്കം മുതൽ പോലീസിന്റെ അനാസ്ഥയാണ് പുറത്ത് വന്നിരിക്കുന്നത്. ഉന്നതരുടെ ഇടപെടൽ കാരണം പ്രതിക്കനുകൂലമായ നിലപാടാണ് പോലീസ് സ്വീകരിച്ചത്. എഫ് ഐ ആറിൽ പ്രതിയുടെ പേര് ചേർക്കാത്തതും കസ്റ്റഡിയിലിരിക്കെ പ്രതിയുടെ മുടി മുറിച്ച് തിരിച്ചറിയാത്ത വിധത്തിൽ രൂപമാറ്റം വരുത്തിയതും ഒട്ടേറെ സംശയങ്ങൾക്ക് ഇടനൽകിയിട്ടുണ്ട്.
പോലീസ് നടപടിയിലെ അവ്യക്തതയും സംശയാസ്പദമായ നീക്കങ്ങളും കുടുംബാംഗങ്ങളിൽ ഭയാശങ്കകൾ ഉളവാക്കിയിട്ടുണ്ട്. പ്രതിയുടെ സ്വാധീനത്തിൽ കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്നും പരാതിയുയർന്നിരിക്കുന്നു. ഈ സാഹചര്യത്തിൽ സ്വതന്ത്രവും നിഷ്പക്ഷവും നീതിയുക്തവുമായ അന്വേഷണം നടക്കണം. സർക്കാരിന്റെ ഉറപ്പുകളല്ല നീതിപൂർവ്വമായ നടപടികളാണ് വേണ്ടത്. ആഭ്യന്തരമന്ത്രി കേസന്വേഷണത്തിൽ ഇടപെടണം. അദ്ദേഹം പറഞ്ഞു.
കെ.പി ശ്രീശൻ മാസ്റ്റർ,പ്രശാന്ത് മലവയൽ, പളളിയറ മുകുന്ദൻ, കെ.ആർ രാധാകൃഷ്ണൻ, ഇല്ലത്ത് രാജൻ, എന്നീ നേതാക്കളും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.





