ചെന്നൈ: തമിഴ്നാട്ടിലെ നാഗപട്ടണം ജില്ലയിൽ 100 കോടിയിലധികം രൂപ വിലമതിക്കുന്ന 137 കിലോ ക്രിസ്റ്റൽ മെത്താംഫെറ്റമിൻ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡിആർഐ) പിടികൂടി. സമീപകാലത്ത് തീരമേഖലയിൽ നടന്ന ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടകളിലൊന്നാണിതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് നാലുപേരെ നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് (എൻഡിപിഎസ്) നിയമം, 1985 പ്രകാരം അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരെ കോടതി റിമാൻഡ് ചെയ്ത് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഒക്ടോബർ 16, 17 തീയതികളിൽ ഡിആർഐ ഉദ്യോഗസ്ഥർ നിരീക്ഷണമേർപ്പെടുത്തിയിരുന്നു. ഇതിലൂടെ തീരമേഖല കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്നതായി സംശയിക്കുന്ന മയക്കുമരുന്ന് കടത്ത് ശൃംഖല തകർക്കാനായെന്നും വാർത്താക്കുറിപ്പിൽ അധികൃതർ വ്യക്തമാക്കി.





