Culture Kerala News Politics

ക്ഷേത്രങ്ങളെ ആരാധനാലയങ്ങളായി നിലനിർത്തണം.. ക്ഷേത്രം രാഷ്ട്രീയ പാർട്ടി ഓഫീസല്ല: വി എച്ച് പി

ക്ഷേത്രങ്ങളെ കേവലം ആരാധനാലയങ്ങളായി മാത്രം നിലനിർത്തണമെന്നും ക്ഷേത്രങ്ങൾ രാഷ്ട്രീയ പാർട്ടി ഓഫീസുകളല്ലെന്നും വിശ്വഹിന്ദു പരിഷത്ത് (VHP) പ്രസ്ഥാവനയിൽ ആവശ്യപ്പെട്ടു.

കേരളീയ സംസ്കൃതിയുടെ തനിമയും ഗ്രാമീണ കൂട്ടായ്മകളുടെ ആത്മാവും വിളിച്ചോതുന്ന പവിത്രമായ പൊയിൽക്കാവ് ദുർഗ്ഗാദേവി ക്ഷേത്രത്തിൽ അടുത്തിടെ അരങ്ങേറിയ സംഭവവികാസങ്ങൾ വിശ്വാസി സമൂഹത്തെ ഞെട്ടിക്കുന്നതും അതീവ ഗൗരവകരവുമാണ്. ജാതി-ലിംഗ ഭേദമന്യേ നാടൊന്നാകെ ഒത്തുകൂടിയിരുന്ന ഈ മഹാക്ഷേത്രത്തിൽ ഇന്ന് സങ്കുചിത രാഷ്ട്രീയ താൽപ്പര്യങ്ങളുടെയും അവിശ്വാസികളുടെയും കറുത്ത കരങ്ങൾ ഒളിച്ചുകടത്തപ്പെടുകയാണ്.

കഴിഞ്ഞ ദിവസം പൊയിൽക്കാവ് ക്ഷേത്രത്തിൽ നടന്ന ഒരു ചടങ്ങ് ഇതിന്റെ ഏറ്റവും ദൃഷ്ടാന്തമായ ഉദാഹരണമാണ്. മുൻകാലങ്ങളിൽ ഈ ക്ഷേത്രത്തിലെ വഴിപാടുകളെയും ഈശ്വരവിശ്വാസത്തെയും ക്രൂരമായി അപഹസിക്കുകയും (“വഴിപാട് നടത്തിയാൽ ഗർഭം ധരിക്കുമെങ്കിൽ പിന്നെന്തിനാണ് വിവാഹം കഴിക്കുന്നത്?”), മുൻപ് ക്ഷേത്രത്തിലെ ആഘോഷങ്ങളെയും കാർണിവലിനെയും ശക്തമായി എതിർത്ത് തടസ്സപ്പെടുത്തുകയും ചെയ്ത ആളെ അതേ ക്ഷേത്രാങ്കണത്തിൽ കൊണ്ടുവന്ന് ആദരിച്ചത് വിശ്വാസി സമൂഹത്തോടുള്ള വെല്ലുവിളിയാണ്. ‘സീനിയർ സിറ്റിസൺസ്’ കൂട്ടായ്മയുടെ നവരാത്രി പരിപാടിയുടെ മറവിലാണ് ഈ രാഷ്ട്രീയ നാടകം അരങ്ങേറിയത്. പൊതുവായ മുതിർന്ന പൗരന്മാരുടെ കൂട്ടായ്മയായി പ്രവർത്തിക്കേണ്ട ഈ സംഘടന, യഥാർത്ഥത്തിൽ സിപിഎമ്മിന്റെ ഒരു പോഷക സംഘടനയായാണോ ഇവിടെ പ്രവർത്തിക്കുന്നത് എന്ന ഗുരുതരമായ ചോദ്യമാണ് വിശ്വഹിന്ദു പരിഷത്ത് ഉന്നയിക്കുന്നത്. ഈ സംഘടനയുടെ മറവിൽ സിപിഎമ്മിന്റെ സാംസ്കാരിക സംഘടനയായ ‘പുകസ’യുടെ (പുരോഗമന കലാസാഹിത്യ സംഘം) ഔദ്യോഗിക ഉപഹാരം നൽകിയാണ് അന്ന് വിശ്വാസികളെ അപഹസിച്ചയാളെ ആദരിച്ചത്.

ഇതിലും ഭീകരമായ ആചാരലംഘനങ്ങളാണ് ക്ഷേത്രത്തിന്റെ പവിത്രത തകർക്കാനായി അരങ്ങേറുന്നത്.
ഈ അവസരത്തിൽ സർക്കാരിനും മലബാർ ദേവസ്വം ബോർഡിനും വിശ്വഹിന്ദു പരിഷത്ത് ശക്തമായ മുന്നറിയിപ്പ് നൽകുകയാണ്. വിശ്വാസികളുടെ കയ്യിൽ നിന്നും പിടിച്ചെടുക്കുന്ന ക്ഷേത്രങ്ങളുടെ ഭരണം അവിശ്വാസികളുടെയും രാഷ്ട്രീയ താലപ്പര്യക്കാരുടെയും വിഹാരകേന്ദ്രമായി മാറ്റാൻ ശ്രമിച്ചാൽ സമൂഹം നോക്കിനിൽക്കില്ല. ക്ഷേത്ര ഭരണസമിതിയുടെയും ദേവസ്വം അധികൃതരുടെയും മൂക്കിനുതാഴെയാണ് ഇത്തരം ക്ഷേത്ര വിരുദ്ധ ശക്തികൾ ഹൈന്ദവ ആചാരങ്ങളെയും വിശ്വാസങ്ങളെയും കാൽക്കീഴിലാക്കുന്നത്.
ഭക്തരുടെ പണവും വഴിപാടും വാങ്ങി ഖജനാവ് നിറയ്ക്കുന്ന മലബാർ ദേവസ്വം ബോർഡും കേരള സർക്കാരും ഇത്തരം അനാചാരങ്ങൾക്ക് കൂട്ടുനിൽക്കുന്ന നിലപാട് തിരുത്തണം.

വിശ്വാസികളുടെ പണവും പിന്തുണയും വാങ്ങി ക്ഷേത്ര ഭാരവാഹികളായി ഇരിക്കുന്നവർ തന്നെ, വിശ്വാസികളെ അധിക്ഷേപിച്ചവർക്കും ഇത്തരം ബാഹ്യ രാഷ്ട്രീയ സംഘടനകൾക്കും ക്ഷേത്രാങ്കണം തീറെഴുതിക്കൊടുക്കുന്നതും ക്ഷേത്രശുദ്ധി തകർക്കുന്ന അനാചാരങ്ങൾക്ക് കൂട്ടുനിൽക്കുന്നതും ഒരിക്കലും പൊറുക്കാനാവാത്ത കുറ്റമാണ്.

ക്ഷേത്രത്തിൽ രാഷ്ട്രീയത്തിനും അവിശ്വാസ പ്രസ്ഥാനങ്ങളുടെ പ്രീണനത്തിനും സ്ഥാനമില്ലെന്നും ഇത് നാടിന്റെ മാത്രം പൊതുസ്വത്താണെന്നും വിശ്വഹിന്ദു പരിഷത്ത് ഓർമ്മിപ്പിക്കുന്നു. ക്ഷേത്രങ്ങളെ രാഷ്ട്രീയവൽക്കരിക്കാനും തകർക്കാനുമുള്ള ഏത് നീക്കങ്ങളെയും ജനകീയ കൂട്ടായ്മയിലൂടെ ഒറ്റപ്പെടുത്തി ചെറുത്തുതോൽപ്പിക്കുമെന്നും, ആചാരശുദ്ധിയും ദൈവഹിതവും ഉറപ്പുവരുത്താൻ ദേവസ്വം ബോർഡും സർക്കാരും അടിയന്തരമായി ഇടപെട്ടില്ലെങ്കിൽ ശക്തമായ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകുമെന്നും വിശ്വഹിന്ദു പരിഷത്ത് (VHP) കർശനമായി മുന്നറിയിപ്പ് നൽകുന്നു.

Leave a Reply

Your email address will not be published. Required fields are marked *