1997-ൽ പുറത്തിറങ്ങിയ ഹോളിവുഡ് ചിത്രം ബ്രേക്ഡൗൺ ന്റെ റീമേക്ക് ആകാമെന്ന് നേരത്തെ ഉയർന്നിരുന്ന ആരോപണങ്ങൾ അജിത്തിന്റെ ‘വിടാമുയർച്ചി’ ചിത്രത്തിനെതിരെ വീണ്ടും വിവാദമായിരിക്കുകയാണ്. പാരാമൗണ്ട് പിക്ചേഴ്സ് 150 കോടിയുടെ നോട്ടീസ് ലൈക് പ്രൊഡക്ഷൻസ് നിർമാതാക്കൾക്ക് അയച്ചതായി റിപ്പോർട്ടുകൾ പറയുന്നു.
സിനിമയുടേതായി പുറത്തിറങ്ങിയ ടീസറിലും കഥയുമായുള്ള സാദൃശ്യം പ്രകടമാണ്. ഒരു ദൂര യാത്ര പോകുന്നതിനിടെ ദമ്പതികളുടെ കാർ കേടാകുന്നു. തുടർന്ന് ഒരു ട്രക്ക് ഡ്രൈവർ അവരെ സഹായിക്കാനെത്തുന്നു. പിന്നീട് ആ ദമ്പതികളുടെ ജീവിതത്തിൽ സംഭവിക്കുന്ന അപ്രതീക്ഷിത സംഭവങ്ങളാണ് സിനിമ പറയുന്നത്. അജിത്തും തൃഷയുമാണ് ദമ്പതികളായെത്തുന്നത്. അർജുനും റെജീന കസാന്ദ്രയും ചിത്രത്തിൽ നെഗറ്റീവ് വേഷത്തിലെത്തുന്നു.
മഗിഷ് തിരുമേനിയുടെ സംവിധാനം, അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന് സംഗീതമൊരുക്കിയിരിക്കുന്നത്.ബ്ലോക്ക്ബസ്റ്റർ ചിത്രമായ മങ്കാത്തയ്ക്ക് ശേഷം അജിത്- അർജുൻ- തൃഷ കൂട്ടുകെട്ട് വീണ്ടും വെള്ളിത്തിരയിൽ ഒന്നിക്കുന്നു എന്നതാണ് വിടാമുയർച്ചിയുടെ ഹൈലൈറ്റ്.പൊങ്കല്‍ റിലീസ് ആയി ചിത്രം തിയറ്ററുകളിലെത്തിക്കാനാണ് അണിയറപ്രവർത്തകർ തീരുമാനിച്ചിരിക്കുന്നത്.