ന്യൂഡൽഹി: പശ്ചിമേഷ്യയിലെ സംഘർഷത്തെത്തുടർന്ന് ഇന്ത്യ-ഇറാൻ വിമാന സർവീസുകൾക്ക് വെല്ലുവിളികൾ നേരിടുന്നുണ്ടെങ്കിലും ഇറാനിലേക്ക് ജീവൻരക്ഷാ മരുന്നുകൾ എത്തിക്കുന്നതിനുള്ള നടപടികൾ തുടരുകയാണെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ഇന്ത്യൻ വ്യോമപാത ഉപയോഗിക്കാൻ ഇറാനിയൻ വിമാനങ്ങൾക്ക് അനുമതി നിഷേധിച്ചെന്ന റിപ്പോർട്ടുകൾക്കിടെയാണ് മന്ത്രാലയത്തിന്റെ പ്രതികരണം. മേഖലയിൽ തുടരുന്ന സംഘർഷം ഇരു രാജ്യങ്ങൾക്കുമിടയിലെ വിമാനഗതാഗതത്തെ ബാധിച്ചിട്ടുണ്ടെന്ന് മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ വ്യക്തമാക്കി. അവശ്യ മരുന്നുകളുടെ ഗതാഗതം സുഗമമാക്കുന്നതിനുള്ള നടപടികൾ ഇന്ത്യ തുടരുമെന്നും അദ്ദേഹം പറഞ്ഞു.



