Uncategorized

പരിസ്ഥിതി ദിനത്തിൽ ദേവസ്വത്തിൽ “ദേവാരണ്യം” പദ്ധതി

സംസ്ഥാന റവന്യൂ-ദേവസ്വം വകുപ്പ് ആഭിമുഖ്യത്തിൽ
ലോക പരിസ്ഥിതി ദിനമായ ജൂൺ 5 ന് പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾക്കായി പ്രഖ്യാപിച്ച ‘ദേവാരണ്യം’ പദ്ധതി ഗുരുവായൂർ ദേവസ്വത്തിൽ വിപുലമായി നടപ്പാക്കും.
ദേവസ്വം ബോർഡുകൾക്കു കീഴിലുള്ള ക്ഷേത്രങ്ങളുടെ തരിശ് ഭൂമിയുടെൾപ്പെടെയുള്ള സ്ഥലങ്ങളിൽ മരങ്ങളും ഔഷധസസ്യങ്ങളും വച്ചുപിടിപ്പിക്കുന്ന പദ്ധതിയാണ് ദേവാരണ്യം. കാവുകളുടെ സംരക്ഷണവും ഇതിൽ ഉൾപ്പെടുന്നു.

ക്ഷേത്രാവശ്യങ്ങൾക്കുള്ള പൂജാ സസ്യങ്ങളും ഔഷധ ചെടികളും ഫലവൃക്ഷങ്ങളും നട്ടുപിടിപ്പിച്ചും വൃക്ഷ മുത്തശ്ശിയെ ആദരിച്ചും പരിസ്ഥിതി സംരക്ഷണ സന്ദേശയാത്ര ഉൾപ്പെടെയുള്ള പരിപാടികൾ ഉൾകൊളളിച്ച് സമുചിതമായി ഗുരുവായൂർ ദേവസ്വത്തിൽ ദേവാരണ്യം പദ്ധതി നാളെ മുതൽ നടപ്പാക്കുമെന്ന് ദേവസ്വം ചെയർമാൻ എ.വി ഗോപിനാഥ് അറിയിച്ചു.

വെള്ളിയാഴ്ച രാവിലെ ഗുരുവായൂർ ക്ഷേത്രപരിസരത്തെ പുതേരി ബംഗ്ളാവ് അങ്കണത്തിലെ രുദ്രാക്ഷമരമുത്തശ്ശിയെ ആദരിച്ചുകൊണ്ടാണ് തുടക്കം. ദേവസ്വം ചെയർമാൻ എ.വി.ഗോപിനാഥ് പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിക്കും. പ്രശസ്ത കവിയും ജ്ഞാനപ്പാന പുരസ്കാര സ്വീകർത്താവുമായ രാധാകൃഷ്ണൻ കാക്കശ്ശേരി ചടങ്ങിൽ പരിസ്ഥിതി ദിന സന്ദേശം നൽകും. ദേവസ്വം ഭരണസമിതി അംഗങ്ങളായ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പി.സി. ദിനേശൻ നമ്പൂതിരിപ്പാട്, ബ്രഹ്മശ്രീ. മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, സി.മനോജ്, മനോജ് ബി നായർ, എം.യു ഷിനിജ,
പരിസ്ഥിതി പ്രവർത്തകർ, ഭക്തർ, ദേവസ്വം ജീവനക്കാർ എന്നിവർ പങ്കെടുക്കും. തുടർന്ന് സമീക്ഷാ പറമ്പിൽ ഔഷധസസ്യങ്ങളും ഫലവൃക്ഷ ചെടികളും നടും. ദേവസ്വം കീഴേടം ക്ഷേത്രങ്ങളിലും അനുബന്ധ സ്ഥാപനങ്ങളിലും ദേവാരണ്യം പദ്ധതി ഭാഗമായി വിവിധ പ്രവർത്തനങ്ങൾ നടക്കും

Leave a Reply

Your email address will not be published. Required fields are marked *