Uncategorized

‘കേരള സ്റ്റോറി 2’ വിന് പ്രദർശനാനുമതി

കൊച്ചി: വിവാദങ്ങൾക്ക് ഇടയാക്കിയ ‘കേരള സ്റ്റോറി 2 ഗോസ് ബിയോണ്ട്’ ചിത്രത്തിന് പ്രദർശനാനുമതി ലഭിച്ചു. റിലീസ് തടഞ്ഞ സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തു. നിർമാതാക്കൾ സമർപ്പിച്ച അപ്പീലിലാണ് ഹൈക്കോടതി നിർണായക ഉത്തരവ് പുറപ്പെടുവിച്ചത്.

ജസ്റ്റിസുമാരായ ശുശ്രുത് അരവിന്ദ് ധര്‍മാധികാരി, പിവി ബാലകൃഷ്ണന്‍ എന്നിവരുടെ ബെഞ്ച് രാത്രി പ്രത്യേക സിറ്റിംഗ് ചേർന്നാണ് അപ്പീൽ പരിഗണിച്ചത്. ടീസറും ട്രെയിലറും ചിത്രത്തിന്റെ ഭാഗമല്ലെന്ന നിർമാതാക്കളുടെ വാദം കോടതി അംഗീകരിച്ചു.

ചിത്രത്തിൽ കേരളത്തെക്കുറിച്ച് തെറ്റായ വിവരങ്ങളുണ്ടെന്നാരോപിച്ച് സമർപ്പിച്ച ഹർജിയിൽ നേരത്തെ ഹൈക്കോടതി സിംഗിൾ ബെഞ്ച് റിലീസ് 15 ദിവസത്തേക്ക് സ്റ്റേ ചെയ്തിരുന്നു. കൂടാതെ സെൻസർ ബോർഡ് വീണ്ടും സിനിമ പരിശോധിക്കണമെന്നും നിർദേശിച്ചിരുന്നു. ഇതിനെതിരെയാണ് നിർമാതാക്കൾ അപ്പീൽ സമർപ്പിച്ചത്.

കണ്ണൂർ ചിറ്റാരിപ്പറമ്പ് സ്വദേശി ശ്രീദേവ് നമ്പൂതിരിയാണ് ഹർജി നൽകിയത്. സിനിമ കേരളത്തെ കളങ്കപ്പെടുത്തുന്നതാണെന്നും ക്രമസമാധാന പ്രശ്നങ്ങൾക്ക് ഇടയാക്കാമെന്നുമായിരുന്നു ഹർജിക്കാരന്റെ വാദം. ഒരു പ്രദേശത്തെ ജനതയെ തെറ്റായ രീതിയിൽ ചിത്രീകരിച്ച് കേരളത്തെ വർഗീയതയുടെയും മതപരിവർത്തനത്തിന്റെയും നാടായി അവതരിപ്പിക്കാനാണ് സിനിമ ശ്രമിക്കുന്നതെന്നും ഹർജിയിൽ ആരോപിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *