ജബൽപൂർ: 2029ലെ ലോക്‌സഭാ തെരഞ്ഞെടുപ്പോടെ കോൺഗ്രസ് രാജ്യത്തു നിന്ന് തുടച്ചുനീക്കപ്പെടുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ്. തിങ്കളാഴ്ച ജബൽപൂരിൽ ബിജെപി സംഘടിപ്പിച്ച ‘ലോക്തന്ത്ര ബചാവോ, അരാജകതാ ഹഠാവോ’ പദയാത്രയുടെ സമാപനത്തോടനുബന്ധിച്ച് നടന്ന പൊതുയോഗത്തിൽ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിൻ്റെ പരാമർശം.
പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും കോൺഗ്രസിനെയും വിമർശിച്ചുകൊണ്ടാണ് മോഹൻ യാദവ് പ്രസ്താവന നടത്തിയത്. മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച സംഭവവും അദ്ദേഹം പരാമർശിച്ചു.
രാജ്യത്തെ 80 ശതമാനം പ്രദേശങ്ങളിലും കോൺഗ്രസ് ഇതിനകം രാഷ്ട്രീയമായി അപ്രസക്തമായിക്കഴിഞ്ഞുവെന്നും നിലവിൽ സ്വാധീനമുള്ള ശേഷിക്കുന്ന 20 ശതമാനം പ്രദേശങ്ങളിൽ 2029ലെ ലോക്‌സഭാ തെരഞ്ഞെടുപ്പോടെ പാർട്ടി പരാജയപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി.





