India Kerala News Politics

തേനി സബ് ജയിലിൽനിന്ന് 17 വിചാരണത്തടവുകാർ ചാടിപ്പോയി; കേരള അതിർത്തിയിൽ ജാഗ്രത

തേനി: തമിഴ്‌നാട്ടിലെ തേനി ആണ്ടിപ്പെട്ടി സബ് ജയിലിൽനിന്ന് 17 വിചാരണത്തടവുകാർ രക്ഷപ്പെട്ടു. സുരക്ഷാ ജീവനക്കാരെ ആക്രമിച്ച ശേഷമാണ് ഇവർ ജയിലിൽനിന്ന് കടന്നുകളഞ്ഞത്. രക്ഷപ്പെട്ടവരിൽ ഒരാളെ ജയിലിന് സമീപത്തെ വനമേഖലയിൽനിന്ന് പൊലീസ് പിടികൂടി. ശേഷിക്കുന്നവർക്കായി തിരച്ചിൽ തുടരുകയാണ്.

ഒരു തടവുകാരന് സുഖമില്ലെന്ന് അറിയിച്ചതിനെത്തുടർന്ന് സുരക്ഷാ ജീവനക്കാർ സെല്ലിനുള്ളിൽ പ്രവേശിച്ചപ്പോൾ ആക്രമണമുണ്ടായതെന്നാണ് വിവരം. ഒരേ സെല്ലിൽ കഴിഞ്ഞിരുന്ന 17 പേരും ചേർന്ന് നാല് പൊലീസുകാരെ ആക്രമിച്ചശേഷം രക്ഷപ്പെടുകയായിരുന്നു.

ആക്രമണത്തിൽ തങ്കപാണ്ടി എന്ന പൊലീസുകാരന് തലയ്ക്ക് പരിക്കേറ്റിട്ടുണ്ട്. ഇദ്ദേഹത്തെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റ് രണ്ട് പൊലീസുകാർക്കും പരിക്കേറ്റിട്ടുണ്ട്.

രക്ഷപ്പെട്ടവർ കേരളത്തിലേക്ക് കടക്കാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെത്തുടർന്ന് കേരള-തമിഴ്‌നാട് അതിർത്തിയിലെ ചെക്ക്‌പോസ്റ്റുകളിൽ ജാഗ്രത ശക്തമാക്കി. ഇടുക്കി വഴി കേരളത്തിലേക്ക് കടക്കാൻ സാധ്യതയുള്ളതിനാൽ അതിർത്തി മേഖലകളിൽ വാഹനപരിശോധനയും ഊർജിതമാക്കിയിട്ടുണ്ട്. ശേഷിക്കുന്ന പ്രതികൾക്കായി തമിഴ്‌നാട് പൊലീസ് തിരച്ചിൽ തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *