ബനസ്‌കന്ത: ഗുജറാത്തിലെ ബനസ്‌കന്തയിൽ 14,000 കോടിയിലേറെ രൂപയുടെ വികസന പദ്ധതികൾ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുകയും തറക്കല്ലിടുകയും ചെയ്തു. സ്ത്രീകൾ, കുട്ടികൾ, കർഷകർ, കന്നുകാലി വളർത്തുന്നവർ എന്നിവർക്കായുള്ള വിവിധ പദ്ധതികളും അദ്ദേഹം പ്രഖ്യാപിച്ചു.
പി.എം കിസാൻ സമ്മാൻ നിധിയുടെ പുതിയ ഗഡുവായി രാജ്യത്തെ 10 കോടിയോളം കർഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് 18,000 കോടിയിലേറെ രൂപ പ്രധാനമന്ത്രി കൈമാറി.
2013-14നെ അപേക്ഷിച്ച് കാർഷിക മേഖലയ്ക്കുള്ള ബജറ്റ് വിഹിതം അഞ്ചിരട്ടിയിലധികമായി വർധിപ്പിചെന്ന് മോദി പറഞ്ഞു. പി.എം കിസാൻ പദ്ധതിയിലൂടെ ചെറുകിട കർഷകരുടെ അക്കൗണ്ടുകളിലേക്ക് ഇതുവരെ 4.5 ലക്ഷം കോടിയിലേറെ രൂപ നേരിട്ട് കൈമാറിയതായും അദ്ദേഹം വ്യക്തമാക്കി.
അന്താരാഷ്ട്ര വിപണിയിൽ വളത്തിന്റെ വില വർധിച്ചപ്പോഴും കർഷകരെ അതിന്റെ ആഘാതത്തിൽനിന്ന് സംരക്ഷിക്കാൻ കേന്ദ്ര സർക്കാർ ഏകദേശം 16 ലക്ഷം കോടി രൂപ ചെലവഴിച്ചതായും പ്രധാനമന്ത്രി പറഞ്ഞു.





