ജിന്ദ്: ഹരിയാണയിലെ ജിന്ദിൽ നിന്ന് സോണിപട്ടിലേക്ക് സർവീസ് നടത്തുന്ന ഇന്ത്യയുടെ ആദ്യ ഹൈഡ്രജൻ ഇന്ധന ട്രെയിൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്തു. രാജ്യത്തിൻ്റെ റെയിൽവേ ചരിത്രത്തിലെ നാഴികക്കല്ലാണ് ഇതെന്നും ഹൈഡ്രജൻ റെയിൽ സാങ്കേതികവിദ്യയിൽ ഇന്ത്യ പുതിയ യുഗത്തിലേക്ക് കടന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഹൈഡ്രജൻ ട്രെയിനിൻ്റെ പ്രവർത്തനം ആരംഭിച്ചതോടെ ഇന്ത്യ ഈ സാങ്കേതികവിദ്യ ഉപയോഗിക്കുന്ന ലോകത്തിലെ ചുരുക്കം ചില രാജ്യങ്ങളുടെ നിരയിലേക്കാണ് എത്തിയിരിക്കുന്നതെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. സ്റ്റീം എൻജിനുകളിൽ നിന്ന് ഡീസൽ, ഇലക്ട്രിക് ട്രെയിനുകളിലേക്കും ഇപ്പോൾ ഹൈഡ്രജൻ ട്രെയിനുകളിലേക്കുമുള്ള ഇന്ത്യൻ റെയിൽവേയുടെ വളർച്ചയെ അദ്ദേഹം ചൂണ്ടിക്കാട്ടി.
10 കോച്ചുകളുള്ള ഈ ഹൈഡ്രജൻ ട്രെയിൻ 3,200 ഹോഴ്‌സ് പവർ ശേഷിയുള്ളതും ലോകത്തിലെ ഏറ്റവും ശക്തിയേറിയ ഹൈഡ്രജൻ ട്രെയിനുമാണെന്ന് പ്രധാനമന്ത്രി അവകാശപ്പെട്ടു. മറ്റ് രാജ്യങ്ങളിലെ ഹൈഡ്രജൻ ട്രെയിനുകൾ സാധാരണയായി മൂന്ന് അല്ലെങ്കിൽ നാല് കോച്ചുകളുള്ളവയാണ്. എന്നാൽ ഇന്ത്യ ആദ്യഘട്ടത്തിൽ തന്നെ 10 കോച്ചുകളുള്ള ട്രെയിൻ അവതരിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
ഈ ട്രെയിൻ ഇന്ത്യൻ എഞ്ചിനിയർമാരാണ് രൂപകൽപന ചെയ്തത്. ഇന്ത്യൻ കമ്പനിയാണ് നിർമ്മിച്ചത് എന്നും വ്യക്തമാക്കിയ പ്രധാനമന്ത്രി, ഇത് ‘മേക്ക് ഇൻ ഇന്ത്യ’ പദ്ധതിയുടെ സുപ്രധാന നേട്ടമാണെന്നും പറഞ്ഞു. ഹൈഡ്രജൻ ട്രെയിനുകൾക്കായി പ്രത്യേക അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിക്കേണ്ടതുണ്ടെന്നും ഇതിലൂടെ ഹരിയാണയിൽ പുതിയ വ്യവസായങ്ങളും തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പരിപാടിക്കിടെ ₹14,000 കോടിയിലധികം രൂപയുടെ വിവിധ വികസന പദ്ധതികൾക്കും പ്രധാനമന്ത്രി തുടക്കമിട്ടു. റെയിൽവേ, ദേശീയപാത പദ്ധതികൾ, പൈതൃക സംരക്ഷണ പദ്ധതികൾ എന്നിവയ്ക്കൊപ്പം ഭിവാനിയിലെ പണ്ഡിറ്റ് നേകി റാം ശർമ്മ മെഡിക്കൽ കോളേജും, നർനൗളിലെ മഹർഷി ച്യവൻ മെഡിക്കൽ കോളേജും റാവ് തുലാറാം ആശുപത്രിയും രാജ്യത്തിന് അദ്ദേഹം സമർപ്പിച്ചു.
ഈ മെഡിക്കൽ സ്ഥാപനങ്ങൾ ഹരിയാണയിലെ ആരോഗ്യ സേവനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനൊപ്പം മെഡിക്കൽ വിദ്യാഭ്യാസത്തിനും യുവാക്കൾക്ക് കൂടുതൽ അവസരങ്ങൾ ഒരുക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ജിന്ദിലെ ജനങ്ങൾ ശുചിത്വ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുത്തതിനെ അഭിനന്ദിച്ച പ്രധാനമന്ത്രി, ശുചിത്വം പ്രത്യേക സന്ദർഭങ്ങളിലേക്കോ ഔദ്യോഗിക സന്ദർശനങ്ങളിലേക്കോ മാത്രം ഒതുക്കാതെ ദൈനംദിന ജീവിതത്തിൻ്റെ ഭാഗമാക്കണമെന്ന് ആഹ്വാനം ചെയ്തു.





