ന്യൂഡൽഹി: ഖനന പ്രവർത്തനങ്ങൾ അവസാനിച്ചശേഷം ഭൂമി ഫലപ്രദമായി പുനരുപയോഗിക്കുന്നതിനും പരിസ്ഥിതി പുനഃസ്ഥാപനത്തിനും ലക്ഷ്യമിട്ട് കൽക്കരി മന്ത്രാലയത്തിന് കീഴിലുള്ള കോൾ കൺട്രോളർ ഓർഗനൈസേഷൻ (CCO) SUVIKALP എന്ന ഡിജിറ്റൽ പ്ലാറ്റ്‌ഫോം വികസിപ്പിച്ചു.
ഖനനാനന്തര ഭൂമിയുടെ അനുയോജ്യമായ ഉപയോഗങ്ങൾ ശാസ്ത്രീയമായി കണ്ടെത്തുന്നതിനും സുസ്ഥിര സാമൂഹിക-സാമ്പത്തിക വികസനം ഉറപ്പാക്കുന്നതിനുമാണ് പദ്ധതി ലക്ഷ്യമിടുന്നത്. 2025ലെ കൽക്കരി, ലിഗ്നൈറ്റ് ഖനന പദ്ധതി മാർഗനിർദേശങ്ങൾക്ക് അനുസൃതമായാണ് പ്ലാറ്റ്‌ഫോം വികസിപ്പിച്ചിരിക്കുന്നത്.
ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ, പരിസ്ഥിതി സാഹചര്യം, അടിസ്ഥാന സൗകര്യങ്ങൾ, സാമ്പത്തിക ഘടകങ്ങൾ തുടങ്ങിയവ വിലയിരുത്തി പുനരുപയോഗ സാധ്യതകൾ കണ്ടെത്താൻ ഇതിലൂടെ കഴിയും. TOPSIS സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള മൾട്ടി ക്രൈറ്റീരിയ ഡിസിഷൻ മേക്കിങ് രീതിയാണ് ഇതിനായി ഉപയോഗിക്കുന്നത്.
ഖനന മേഖലകളിൽ താമസിക്കുന്ന ജനങ്ങളുടെ ആവശ്യങ്ങളും താൽപര്യങ്ങളും പരിഗണിക്കുന്നതിനായി RECLAIM എന്ന സാമൂഹിക പങ്കാളിത്ത ചട്ടക്കൂടും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.




