പൂനെ: പൂനെ മെട്രോയുടെ 21,800 കോടി രൂപയുടെ വിവിധ പദ്ധതികൾ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഉദ്ഘാടനം ചെയ്യുകയും പുതിയ പദ്ധതികൾക്ക് തറക്കല്ലിടുകയും ചെയ്തു. വീഡിയോ കോൺഫറൻസിലൂടെയായിരുന്നു ചടങ്ങ്.
നഗരത്തിലെ പ്രധാന ഐടി കേന്ദ്രമായ ഹിൻജേവാഡിയെയും ശിവാജിനഗറിനെയും ബന്ധിപ്പിക്കുന്ന മെട്രോ ഇടനാഴി ഉൾപ്പെടെയുള്ള പദ്ധതികൾ പൂനെയിലെ ഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടുത്തും. നഗരത്തിൻ്റെ പഴയതും പുതിയതുമായ മേഖലകളെ ബന്ധിപ്പിക്കുന്ന പുതിയ മെട്രോ പാതയ്ക്കും തുടക്കമായി.
മെട്രോ വികസനം യാത്രാസമയം കുറയ്ക്കുന്നതിനും നഗരജീവിതം കൂടുതൽ സുഗമമാക്കുന്നതിനും സാമ്പത്തിക വളർച്ച വേഗത്തിലാക്കുന്നതിനും സഹായിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. കഴിഞ്ഞ 12 വർഷത്തിനിടെ രാജ്യത്തെ മെട്രോ ശൃംഖല 26 നഗരങ്ങളിലായി ഏകദേശം 1,200 കിലോമീറ്ററായി വികസിച്ചുവെന്നും പ്രതിദിനം ഒരു കോടിയിലധികം യാത്രക്കാർ ഇതിൻ്റെ പ്രയോജനം നേടുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
2014ൽ മഹാരാഷ്ട്രയിൽ 10 മുതൽ 11 കിലോമീറ്റർ വരെ മാത്രമായിരുന്നു പ്രവർത്തനക്ഷമമായ മെട്രോ പാതകൾ. നിലവിൽ ഇത് 175 കിലോമീറ്ററിനടുത്തെത്തി. 680 കിലോമീറ്ററിലധികം മെട്രോ പാതകളുടെ നിർമാണം പുരോഗമിക്കുകയാണെന്നും പദ്ധതികൾ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും വ്യവസായ വളർച്ചയ്ക്ക് കരുത്തേകുമെന്നും മോദി പറഞ്ഞു.





