Business Economy India Kerala News Politics

പൊതുപണം വിനിയോഗിക്കുന്നതിൽ കൂടുതൽ ഉത്തരവാദിത്തവും സുതാര്യതയും ഉറപ്പാക്കണം: ഓം ബിർള

തിരുവനന്തപുരം: പൊതുപണം കൃത്യമായും കാര്യക്ഷമമായും വിനിയോഗിക്കുന്നുവെന്ന് ഉറപ്പാക്കാൻ പാർലമെൻ്റിലെയും സംസ്ഥാന നിയമസഭകളിലെയും പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റികൾ (പിഎസി) കൂടുതൽ ശക്തമായ പങ്ക് വഹിക്കണമെന്ന് ലോക്സഭാ സ്പീക്കർ ഓം ബിർള. പൊതുഖജനാവിൽനിന്ന് ചെലവഴിക്കുന്ന ഓരോ രൂപയ്ക്കും കൃത്യമായ കണക്കുണ്ടാകണമെന്നും അനുവദിച്ച ആവശ്യങ്ങൾക്കായി തന്നെ തുക വിനിയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരത്ത് പാർലമെൻ്റിലെയും സംസ്ഥാന നിയമസഭകളിലെയും പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി അധ്യക്ഷന്മാരുടെ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനാധിപത്യത്തിൻ്റെ അടിസ്ഥാനശിലകളാണ് സുതാര്യതയും ഉത്തരവാദിത്തവുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പൊതുപണം ലക്ഷ്യമിട്ട കാര്യങ്ങൾക്കായി വിനിയോഗിച്ചിട്ടുണ്ടോയെന്നും അതിലൂടെ ജനങ്ങൾക്ക് പ്രയോജനം ലഭിച്ചിട്ടുണ്ടോയെന്നും കമ്മിറ്റികൾ പരിശോധിക്കണം.

അതെസമയം, ഓഡിറ്റ് പരാമർശങ്ങൾ 10 മുതൽ 20 വർഷം വരെ പരിഹരിക്കപ്പെടാതെ തുടരുന്നതിൽ അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. ഇത്തരം വിഷയങ്ങൾ സമയബന്ധിതമായി പരിഹരിക്കാൻ കൃത്യമായ കർമപദ്ധതി തയ്യാറാക്കണമെന്നും കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നിരീക്ഷണ, തുടർനടപടി സംവിധാനങ്ങൾ ശക്തിപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി അധ്യക്ഷനായി പ്രതിപക്ഷ അംഗത്തെ നിയമിക്കുന്ന ജനാധിപത്യ കീഴ്‌വഴക്കത്തിൻ്റെ പ്രാധാന്യവും അദ്ദേഹം എടുത്തുപറഞ്ഞു. രാഷ്ട്രീയ വ്യത്യാസങ്ങൾക്കതീതമായി പൊതുപണം സംരക്ഷിക്കാൻ എല്ലാ അംഗങ്ങളും കൂട്ടായ ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കണമെന്നും പണം ദുരുപയോഗം ചെയ്യുന്നതും പാഴാക്കുന്നതും തടയണമെന്നും ഓം ബിർള അഭിപ്രായപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *