ന്യൂഡൽഹി: അന്താരാഷ്ട്ര സൗരോർജ സഖ്യത്തിന്റെ (ISA) അധ്യക്ഷസ്ഥാനത്തേക്ക് ഇന്ത്യ തുടർച്ചയായി മൂന്നാം തവണയും തിരഞ്ഞെടുക്കപ്പെട്ടു. കേന്ദ്ര നവ-പുനരുപയോഗ ഊർജ മന്ത്രി പ്രഹ്ലാദ് ജോഷിയാണ് ഇക്കാര്യം അറിയിച്ചത്.
ഭാരത് റിന്യൂവബിൾ എനർജി സമ്മിറ്റ് ആൻഡ് എക്സ്പോ 2026നോടനുബന്ധിച്ച് നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആഗോളതലത്തിൽ സൗരോർജ സഹകരണം ശക്തിപ്പെടുത്തുന്നതിനും വികസ്വര രാജ്യങ്ങളിൽ ശുദ്ധമായ ഊർജം ലഭ്യമാക്കുന്നതിനുമുള്ള ഇന്ത്യയുടെ പ്രതിബദ്ധത അദ്ദേഹം ആവർത്തിച്ചു.
ആഫ്രിക്കയിലെ സൗരോർജ പദ്ധതികൾക്കായി 200 ദശലക്ഷം ഡോളറിന്റെ ഫണ്ട് ഉൾപ്പെടെയുള്ള സംരംഭങ്ങൾ അദ്ദേഹം ചൂണ്ടിക്കാട്ടി. സൗരോർജം കൃഷി, ആരോഗ്യം, വിദ്യാഭ്യാസം, ഗ്രാമവികസനം തുടങ്ങിയ മേഖലകളിൽ വലിയ മാറ്റങ്ങൾ സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പുതിയ അധ്യക്ഷ കാലയളവിൽ നിക്ഷേപം വർധിപ്പിക്കുക, സൗരോർജ വിനിയോഗം വ്യാപിപ്പിക്കുക, രാജ്യാന്തര പങ്കാളിത്തം ശക്തിപ്പെടുത്തുക എന്നിവയ്ക്കായിരിക്കും ഇന്ത്യയുടെ മുൻഗണനയെന്നും മന്ത്രി വ്യക്തമാക്കി. നവംബർ രണ്ടിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത ഉച്ചകോടി നവംബർ അഞ്ചിന് സമാപിക്കും.




