ബംഗ്ലാദേശ് മോഡൽ ഇന്ത്യയിൽ നടപ്പാക്കാമെന്നത് മലർപ്പൊടിക്കാരന്റെ സ്വപ്നം; ബിജെപി പ്രവർത്തകർ ജീവിച്ചിരിക്കുന്നിടത്തോളം അത് നടക്കില്ല: സുരേഷ് ഗോപി

തൃശ്ശൂർ: രാജ്യത്ത് വോട്ടർപട്ടിക ശുദ്ധീകരണ നടപടിയായ എസ്.ഐ.ആറിനെതിരെ തെറ്റായ പ്രചാരണം നടത്തി കലാപവും അരാജകത്വവും സൃഷ്ടിക്കാനാണ് കോൺഗ്രസും ഇടതുപക്ഷവും ശ്രമിക്കുന്നതെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ബിജെപി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തൃശ്ശൂരിൽ സംഘടിപ്പിച്ച ജനാധിപത്യ സംരക്ഷണ പദയാത്ര ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബംഗ്ലാദേശ് മോഡൽ ഇന്ത്യയിൽ നടപ്പാക്കാമെന്നത് മലർപ്പൊടിക്കാരന്റെ സ്വപ്നം മാത്രമാണ്. ബിജെപി പ്രവർത്തകർക്ക് ജീവനുള്ളിടത്തോളം കാലം അത്തരമൊരു നീക്കം ഇന്ത്യയിൽ നടപ്പാകില്ല. രാജ്യത്തെ ജനാധിപത്യ സംവിധാനത്തെയും ഭരണഘടനാ സ്ഥാപനങ്ങളെയും സംരക്ഷിക്കാൻ ബിജെപി പ്രവർത്തകർ ഏതറ്റം വരെയും പോരാടുമെന്നും അദ്ദേഹം പറഞ്ഞു.
വികസനം മാത്രം മുൻനിർത്തി തുടർച്ചയായി മൂന്നാം തവണയും 142 കോടി ജനങ്ങൾ നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സർക്കാരിൽ വിശ്വാസമർപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ 12 വർഷമായി രാജ്യത്ത് നടക്കുന്ന വികസന പ്രവർത്തനങ്ങൾ ഭരണനിർവഹണത്തിന്റെ ഉന്നത നിലവാരമാണ് വ്യക്തമാക്കുന്നത്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലുൾപ്പെടെ അടിസ്ഥാന സൗകര്യ വികസനത്തിൽ വലിയ മുന്നേറ്റമാണ് കേന്ദ്രസർക്കാർ നടത്തുന്നത്. ചൈനയുമായി അതിർത്തി പങ്കിടുന്ന ദുർഘടമായ പ്രദേശങ്ങളിൽ പോലും റോഡുകളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും വികസിപ്പിക്കുന്നതിനായി കേന്ദ്രസർക്കാർ വലിയ പരിശ്രമമാണ് നടത്തുന്നത്. അടുത്ത രണ്ട് വർഷത്തിനുള്ളിൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ വികസന പ്രവർത്തനങ്ങൾ കൂടുതൽ ശ്രദ്ധേയമായ മാറ്റങ്ങൾ സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു.
2023-ൽ കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിനെതിരെ തൃശ്ശൂരിൽ നടത്തിയ പദയാത്രയെയും സുരേഷ് ഗോപി അനുസ്മരിച്ചു. അന്നും ചില കേന്ദ്രങ്ങൾ മണിപ്പൂർ വിഷയം ഉയർത്തിക്കാട്ടി യാഥാർത്ഥ്യങ്ങളെ വഴിതിരിച്ചുവിടാൻ ശ്രമിച്ചിരുന്നു. മണിപ്പൂരിൽ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ ഇടപെടലുകൾ നടക്കുന്നുണ്ടെന്ന് അന്ന് വ്യക്തമാക്കിയിരുന്നു. ഇപ്പോൾ എസ്.ഐ.ആറിന്റെ പേരിലും സമാനമായ രീതിയിൽ തെറ്റായ പ്രചാരണങ്ങൾ നടത്തുകയാണ്. എസ്.ഐ.ആർ മാത്രമല്ല, ഏകീകൃത സിവിൽ കോഡ് ഉൾപ്പെടെയുള്ള വിഷയങ്ങളിലും പ്രതിപക്ഷത്തിന്റെ എതിർപ്പുകൾ ഉയരും. എന്നാൽ രാജ്യത്തെ ജനങ്ങൾ ഇത്തരം പരിഷ്കാരങ്ങളെ പിന്തുണയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.
രാഹുൽ ഗാന്ധി വോട്ടർപട്ടിക പരിഷ്കരണത്തെ എതിർക്കുകയും തിരഞ്ഞെടുപ്പുകളെ ചോദ്യം ചെയ്യുകയും ചെയ്താലും 2047-ൽ വികസിത ഭാരതം എന്ന ലക്ഷ്യം കൈവരിക്കുന്നതുവരെ എൻഡിഎ സഖ്യം തന്നെ രാജ്യം ഭരിക്കുമെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.
ബിജെപി ജില്ലാ പ്രസിഡന്റ് ജസ്റ്റിൻ ജേക്കബ് അധ്യക്ഷത വഹിച്ചു. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ് മുഖ്യപ്രഭാഷണം നടത്തി.
ഡൽഹിയിൽ കോൺഗ്രസ് 300 രൂപ നൽകി ആളുകളെ സമരത്തിന് എത്തിക്കുമ്പോൾ ഭാരതീയ ജനതാ പാർട്ടിയുടെ പതിനായിരക്കണക്കിന് പ്രവർത്തകർ രാജ്യത്തിന്റെ വളർച്ചയ്ക്കുവേണ്ടി സ്വന്തം പണം ചെലവഴിച്ചാണ് തൃശ്ശൂരിലെ മഹാറാലിയിൽ പങ്കെടുക്കുന്നതെന്ന് ബിജെപി ദേശീയ സെക്രട്ടറി എം.എ. വെങ്കിടേശൻ പറഞ്ഞു. പാടുന്നതിനു പോലും സഹിഷ്ണുതയില്ലാത്ത കോൺഗ്രസ് രാജ്യദ്രോഹ ശക്തികളുമായി കൂട്ടുകെട്ടുണ്ടാക്കി ഭാരതത്തെ തകർക്കാനുള്ള ശ്രമത്തിലാണ്. എസ്.ഐ.ആറിനെ തെറ്റായി ചിത്രീകരിച്ച് രാജ്യത്ത് കലാപം സൃഷ്ടിക്കാനുള്ള കോൺഗ്രസ്-ഇടതുപക്ഷ നീക്കങ്ങളെ ജനങ്ങൾ തള്ളിക്കളയുമെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറിമാരായ എം.ടി. രമേശ്, ശോഭാ സുരേന്ദ്രൻ, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ കെ.കെ. അനീഷ് കുമാർ, ബി. ഗോപാലകൃഷ്ണൻ, മുൻ സംസ്ഥാന പ്രസിഡന്റ് കെ.വി. ശ്രീധരൻ മാസ്റ്റർ, ജില്ലാ പ്രസിഡന്റ് എ.ആർ. ശ്രീകുമാർ എന്നിവർ പ്രസംഗിച്ചു.
മുൻ എംഎൽഎ സി.സി. മുകുന്ദൻ, എ. നാകേഷ്, ഷാജിമോൻ വട്ടേക്കാട്, ജില്ലാ ജനറൽ സെക്രട്ടറിമാരായ കെ.ആർ. ഹരി, പി.കെ. ബാബു, സുജയ് സേനൻ, അനീഷ് മാസ്റ്റർ, കെ.എസ്. രാജേഷ്, കൃപേഷ് ചെമ്മണ്ട, കെ.പി. ഉണ്ണികൃഷ്ണൻ, കെ.പി. ജോർജ്, രവികുമാർ ഉപ്പത്ത്, സേവ്യൻ പള്ളത്ത്, അനീഷ് ഇയാൾ, ബിജോയ് തോമസ്, പ്രിന്റ് മഹാദേവ്, വി.വി. രാജേഷ്, എം.എസ്. സമ്പൂർണ്ണ, കൃഷ്ണപ്രസാദ്, ഷീല പണിക്കർ, സുനിൽകുമാർ, വിപിൻ കുടിയേടത്ത്, സുധീഷ് മേനോത്ത്പറമ്പിൽ വിജയൻ, മേപ്പറത്ത് സബീഷ് മരുതയൂർ, റോഷൻ എൻ ആർ , ദിനേഷ്കുമാർ കരിപ്പേരിൽ, പ്രവീൺ, മനു പള്ളതു, മനോജ്നെല്ലിക്കാട് എന്നിവർ നേതൃത്വം നൽകി.




